കണ്ണൂർ : പയ്യന്നൂരില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകൻ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് തലശ്ശേരിയിലെ കൊലപാതക വിവരം ജില്ലയെ നടുക്കിയത്. പയ്യന്നുരിൽ നടന്നത് രാഷ്ട്രീയ കൊലപാതകമെങ്കിൽ തലശ്ശേരിയിലേത് കുടുംബവഴക്കായിരുന്നു കൊലപാതക കാരണം. കഴിഞ്ഞ ദിവസമാണ് തലശ്ശേരിയിൽ നഗരമധ്യത്തിൽ യുവാവിനെ ഭാര്യാപിതാവ് നടുറോഡിൽ വെച്ച് വെട്ടിക്കൊലപ്പെടുത്തിയത്. ചിറക്കര ഗണേശ് എൻജിനീയറിങ്ങിനു സമീപം ചന്ദ്രി വില്ലയിൽ കെ.കെ.രാജേന്ദ്രന്റെയും രഞ്ജിനിയുടെയും മകൻ സന്ദീപ്(28) ആണു വെട്ടേറ്റു മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ടു യുവാവിന്റെ ഭാര്യാപിതാവ് കോഴിക്കോട് പന്തീരാങ്കാവ് പന്നിയൂർക്കുളം തിരുമംഗലത്ത് ഹൗസിൽ പ്രേമരാജിനെ(57) പൊലീസ് അറസ്റ്റു ചെയ്തു. തലശേരി ചിറക്കര പഴയ ജനതാ പെട്രോൾ പമ്പിന് സമീപം ഞായറാഴ്ച രാവിലെയായിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടന്നത്. കുടുംബവഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. എ.ടി.എമ്മിൽ പണം നിറയ്ക്കുന്ന സ്വകാര്യ സെക്യൂരിറ്റി സർവീസിലെ ജീവനക്കാരനാണ് കൊല്ലപ്പെട്ട സന്ദീപ്. മൂന്ന് വയസുള്ള വൈഗ സന്ദീപിന്റെ ഏകമകളാണ്.
പ്രതി പ്രേമരാജ് കോഴിക്കോട്ട് ചുമട്ടുതൊഴിലാളിയാണ്. പ്രേമരാജന്റെ മകൾ സിനുഷയുമായി സന്ദീപ് പ്രണയത്തിലാവുകയും ഇവർ പിന്നീട് വിവാഹിതരാവുകയും ചെയ്തു. വിവാഹ ശേഷം സിനുഷ സന്ദീപിനൊപ്പമായിരുന്നു താമസം. മാതാപിതാക്കളോടപ്പം സ്വന്തം വീട്ടിൽ താമസിക്കാത്തതിനെ തുടർന്ന് ഇരു വീട്ടുകാരും തമ്മിൽ തർക്കത്തിലായിരുന്നു. ഭർതൃവീട്ടിൽ നിന്ന് മാറി താമസിക്കാൻ സിനുഷ തയാറാകാത്തതിനെ തുടർന്ന് സിനുഷയുടെ അമ്മ സന്ദീപിന്റെ വീട്ടിൽ എത്തി സനുഷയെ ശാഖരിച്ചതായും പിന്നീട് ഇവർ തമ്മിൽ വാക്കേറ്റമുണ്ടായതായും പറയപ്പെടുന്നു. ഇത് അറിഞ്ഞ സിനുഷയുടെ പിതാവ് സന്ദീപിന്റെ വീട്ടിലെത്തി സന്ദീപിനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി 50മീറ്റർ അകലെ തലശ്ശേരി വളവുപാറ റോഡിൽ എത്തിച്ച് കയ്യിൽ കരുതിയ കത്തി കൊണ്ടു വെട്ടുകയായിരുന്നു. സന്ദീപിന്റെ കരച്ചിൽ കേട്ട് ഓടിയെത്തിയ നാട്ടുകാർ ഉടനെ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.പ്രേമരാജിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിക്കുകയായിരുന്നു. മൂന്ന് വയസുള്ള വൈഗ സന്ദീപിന്റെ ഏകമകളാണ്.പോലീസ് അറസ്റ്റ് ചെയ്‌ത പ്രേമരാജനെ വിശദമായി ചോദ്യം ചെയ്തു. സന്ദീപിനെ കൊലപ്പെടുത്തുക എന്ന ഉദ്യേശ്യമില്ലായിരുന്നെന്നും ആക്രമിക്കുകയായിരുന്നു ലക്ഷ്യമെന്നും പ്രേമരാജൻ പൊലീസിന് മൊഴി നൽകി എന്നാണ് വിവരം. തലശേരി സെഷൻസ് കോടതിയിൽ ഹാജരാക്കിയ പ്രേമരാജനെ റിമാൻഡ് ചെയ്തു.