
ബംഗളൂരു: പ്രണയാഭ്യർത്ഥന നിരസിച്ചതിന് കർണാടകയിലെ സുള്ള്യയിൽ കാസര്‍കോട് ബദിയടുക്ക മുള്ളേരിയ ശാന്തിനഗർ സ്വദേശിനിയെ സഹപാഠി കുത്തി കൊലപ്പെടുത്തി. മുള്ളേരിയ ശാന്തിനഗർ സ്വദേശിനി അക്ഷതയാണ് മരിച്ചത്. ചൊവ്വാഴ്‌ച വൈകുന്നേരം നാലര മണിയോടെയാണ് സംഭവം.

സംഭവ ശേഷം കൈഞരമ്പ് മുറിച്ച് ആത്മഹത്യയ‌്ക്ക് ശ്രമിച്ച നെല്ലൂർ സ്വദേശി കാർത്തികിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. സംഭവത്തിൽ കാർത്തികിന് നിസാര പരിക്കേറ്റു.
കോളേജ് വിട്ട് മടങ്ങവേ സുള്ള്യ ബസ്‌റ്റാൻഡിൽ കാത്തിരുന്ന സഹപാഠിയായ കാർത്തിക് മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് അക്ഷതയെ ആക്രമിക്കുകയായിരുന്നു. കുത്തേറ്റ അക്ഷതയെ മംഗളൂരു ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും വഴിമധ്യേ മരിച്ചിരുന്നു. ഇരുവരും സുള്ള്യ നെഹ്‌റു മെമ്മോറിയൽ കോളേജിലെ രണ്ടാം വർഷ ബി.എസ്.സി വിദ്യാർത്ഥികളാണ്.
