കോട്ടയം: പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് വിദ്യാര്‍ഥിനിയെ ചുട്ടുകൊല്ലാന്‍ ശ്രമം. കോട്ടയം എംജി സര്‍വ്വകലാശാലയുടെ സ്‌കൂള്‍ ഓഫ് മെഡിക്കല്‍ എജ്യൂക്കേഷന്റെ ക്ലാസ് മുറിയിലാണ് സംഭവം. സീനിയര്‍ വിദ്യാര്‍ഥിയും കൊല്ലം സ്വദേശിയുമായ ആദര്‍ശാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ക്ലാസില്‍ കയറിയ ആദര്‍ശ് വിദ്യാര്‍ഥിനിയുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീ കത്തിക്കുകയായിരുന്നു.

ഹരിപ്പാട് സ്വദേശിനി ലക്ഷ്മിയാണ് ആക്രമണത്തിനിരയായത്. പിന്നാലെ യുവാവും തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. ഗുരുതരമായ പരിക്കുകളോടെ പെണ്‍കുട്ടിയും യുവാവും ആശുപത്രിയില്‍ ചികിത്സയിലാണ്. രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ക്ലാസിലെ മറ്റു വിദ്യാര്‍ഥികളായ അജ്മല്‍, അശ്വിന്‍ എന്നിവര്‍ക്കും പരിക്കേറ്റു. കോളേജിലെ ഫിസിയോതെറാപ്പി ക്ലാസില്‍ ഇരിക്കുകയായിരുന്ന ലക്ഷ്മിക്കുനേരെ യുവാവ് കേനില്‍ കൊണ്ടുവന്ന പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികളായ വിദ്യാര്‍ഥികള്‍ പറഞ്ഞു. പോലീസ് സ്ഥലത്തെത്തി ഇതുസംബന്ധിച്ച തുടര്‍ നടപടികള്‍ സ്വീകരിച്ചു. ക്ലാസ് മുറി മുദ്ര വെച്ചിട്ടുണ്ട്.