പ്രണയം പ്രതികാരമായപ്പോള്‍…

  • Post category:news
  • Reading time:1 min read
You are currently viewing പ്രണയം പ്രതികാരമായപ്പോള്‍…

കോട്ടയം: പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് കോട്ടയത്ത് വിദ്യാര്‍ഥിനിയെ ചുട്ടുകൊന്നു. പെണ്‍കുട്ടിക്ക് തീ കൊളുത്തിയ ശേഷം യുവാവും ആത്മഹത്യ ചെയ്തു. കോട്ടയം സ്‌കൂള്‍ ഓഫ് മെഡിക്കല്‍ എജ്യൂക്കേഷന്‍ കോളേജിലെ ക്ലാസിലിരുന്ന വിദ്യാര്‍ഥിനിയെ പെട്രോളൊഴിച്ച് കത്തിച്ച ശേഷമാണ് യുവാവ് സ്വയം തീകൊളുത്തിയത്. ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥിനിയും യുവാവും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ച് മരണത്തിന് കീഴടങ്ങി. ഹരിപ്പാട് സ്വദേശിനി ലക്ഷ്മിയും എസ് എം ഇ കോളേജിലെ സീനിയര്‍ വിദ്യാര്‍ഥിയുമായ കൊല്ലം ചവറ സ്വദേശി ആദര്‍ശുമാണ് മരിച്ചത്.

ക്ലാസ് റൂമിലെത്തി ആദര്‍ശ് ഫിസിയോതെറാപ്പി മൂന്നാം വര്‍ഷ വിദ്യാര്‍ഥിനിയായ ലക്ഷ്മിയുടെ ദേഹത്ത് പെട്രോളൊഴിച്ച ശേഷം കത്തിക്കുകയായിരുന്നു. ആദര്‍ശിനോട് സംസാരിക്കാന്‍ താല്‍പര്യമില്ലെന്ന് പെണ്‍കുട്ടി അറിയിച്ചു. മുന്‍പും ശല്യപ്പെടുത്തിയതിന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ആദര്‍ശിനെതിരെ പോലീസില്‍ പരാതി നല്‍കിയിരുന്നു. കോളേജില്‍ നിന്ന് മടങ്ങിയ ശേഷം ഉച്ചയ്ക്ക് കൈയ്യില്‍ പെട്രോളുമായി ആദര്‍ശ് തിരിച്ചെത്തി. ക്ലാസ്സില്‍ കയറി പെണ്‍കുട്ടിയുടെ ദേഹത്തും സ്വന്തം ശരീരത്തിലും ആദര്‍ശ് പെട്രോളൊഴിച്ചു.

രക്ഷപ്പെടാനായി ക്ലാസ്സില്‍ നിന്ന് ഇറങ്ങിയോടിയ പെണ്‍കുട്ടിയെ പിന്‍തുടര്‍ന്ന് ലൈബ്രറിക്ക് മുന്‍പില്‍ വച്ച് കടന്ന് പിടിച്ച ശേഷം തീകത്തിക്കുകയായിരുന്നു. അധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്ന് ഇരുവരേയും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചു. 70 ശതമാനത്തിലേറെ പൊള്ളലേറ്റ ആദര്‍ശ് വൈകീട്ട് 7 മണിയോടെയാണ് മരിച്ചത്. തുടര്‍ന്ന് അല്‍പ്പ സമയത്തിനകം പെണ്‍കുട്ടിയും മരിച്ചു. ആശുപത്രിയിലെത്തി പെണ്‍കുട്ടിയുടെ മൊഴി പോലീസ് രേഖപ്പെടുത്തി. ആക്രമണം നടന്ന ക്ലാസ് റൂമും പരിസരവും പോലീസ് മുദ്ര ചെയ്തു. ഫോറന്‍സിക് വിദഗ്ധരടക്കം എത്തി വിശദമായ പരിശോധനകള്‍ നടത്തി. എ സി പി അടക്കമുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തി അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്നുണ്ട്.

0Shares