
കാസര്‍കോട്: ഇനി മുതല്‍ ജയില്‍ ശിക്ഷാ കാലാവധി കഴിഞ്ഞ് പുറത്തിറങ്ങുന്നവര്‍ക്ക് ഫലവൃക്ഷ തൈയുമായി ഭവനങ്ങളിലേക്ക് മടങ്ങാം. പ്രകൃതിക്ക് കരുതലും കൈത്താങ്ങുമാകാന്‍ പ്രേരണ നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ഹൊസ്ദുര്‍ഗ് ജില്ലാ ജയിലില്‍ ‘മനം ഹരിതാഭം’ പദ്ധതിക്ക് തുടക്കമായത്. ഹരിത കേരള മിഷന്‍ എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ.ടി.എന്‍.സീമ ഉദ്ഘാടനം ചെയ്തു.

ജയിലുകളില്‍ ആദ്യമായിട്ടാണ് ഇത്തരം പദ്ധതി ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുന്നത്. ജയില്‍ ഡി. ജി. പി ഋഷിരാജ് സിംഗിന്‍റെ അനുമതിയോടെ ഹരിത കേരള മിഷനും ഹൊസ്ദുര്‍ഗ്ഗ് ജില്ലാ ജില്ലാ ജയിലും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്.
ജില്ലാ ജയില്‍ സൂപ്രണ്ട് കെ.വേണു അധ്യക്ഷനായി. ഹരിത കേരള മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി.സുബ്രഹ്മണ്യന്‍ മുഖ്യപ്രഭാഷണം നടത്തി.വിതരണത്തിന് ആവശ്യമായ തൈകള്‍ സൗജന്യമായി നല്‍കിയ പ്രദേശിക കാര്‍ഷിക ശാസ്ത്രജ്ഞന്‍ പി.വി ദിവാകരന്‍, ടെക്‌നിക്കല്‍ ഓഫീസര്‍ ഹരിപ്രിയ എന്നിവര്‍ സംസാരിച്ചു.
