കാസർകോട്: ഹർത്താൽ ദിനത്തിൽ മുഖ്യമന്ത്രിയെയും പൊലീസിനെയും അറപ്പുളവാക്കുന്ന രീതിയിൽ തെറിവിളിച്ച കേസിൽ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. അണങ്കൂര്‍ ജെ.പി നഗര്‍ കോളനിയിലെ രഘുരാമൻ്റെ മകള്‍ രാജേശ്വരി (23)ണ് അറസ്റ്റിലായത്. ശബരിമല യുവതി പ്രവേശനത്തില്‍ പ്രതിഷേധിച്ച് ജനുവരി 3ന് നടത്തിയ കേരള ഹര്‍ത്താലിനിടെ കാസര്‍കോഡ് നഗരത്തിൽ ആർ.എസ്.എസ്- ബി.ജെ.പി പ്രവർത്തകർ നടത്തിയ പ്രകടനത്തിലാണ് യുവതി മോശമായ രീതിയിൽ മുദ്രാവാക്യം വിളിച്ചത്.
കലാപമുണ്ടാക്കാന്‍ ശ്രമിക്കുന്ന നിലയില്‍ മുഖ്യമന്ത്രിയെയും പൊലീസിനെയും അസഭ്യം പറയല്‍, റോഡ് ഉപരോധിക്കല്‍, അനുമതിയില്ലാതെ പ്രകടനം നടത്തല്‍ തുടങ്ങി നാല് കേസിലാണ് അറസ്റ്റ്. തുടര്‍ന്ന് അമ്മയുടെയും സഹോദരിയുടെയും ആള്‍ജാമ്യത്തില്‍ യുവതിയെ പിന്നീട് വിട്ടയച്ചു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ ശ്രീകാന്തിനൊപ്പം മുന്‍നിരയില്‍നിന്നാണ് രാജേശ്വരി മുഖ്യമന്ത്രിക്കും പൊലീസിനുമെതിരെ തെറിവിളി നടത്തിയത്. യുവതി പറയുന്ന തെറിവിളി കൂടെയുള്ളവർ ഏറ്റു ചെല്ലുകയും ചെയ്തിരുന്നു. ഇത് പിന്നീട് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ പോലീസ് കേസെടുക്കുകയായിരുന്നു. ഹര്‍ത്താല്‍ദിനത്തില്‍ കടകള്‍ക്ക് നേരെ കല്ലെറിഞ്ഞ സംഭവത്തിലും രാജേശ്വരിക്കെതിരെ കേസെടുത്തിട്ടുണ്ട്.
പ്രകടനത്തിൽ ആളുകളുടെ എണ്ണം കൂടിയതോടെ ആവേശം തലക്ക് പിടിച്ചു; പച്ച തെറിവിളി നടത്തുമ്പോഴും കൂടെയുള്ള നേതാവ് തടഞ്ഞില്ല; കാസർകോട്ടെ യുവതിക്കെതിരെയുള്ള കേസും അറസ്റ്റും മറ്റുള്ളവർക്ക് ഒരു പാഠമാണ്