
കാസര്‍കോട്: പോഷക മാസാചരണത്തിന്‍റെ ഉദ്ദേശങ്ങളും ലക്ഷ്യങ്ങളും ജനങ്ങളിലെത്തിക്കാന്‍ തിരുവനന്തപുരത്ത് നിന്ന് പര്യടനം ആരംഭിച്ച പോഷണ്‍ എക്‌സ്പ്രസ് കാരവാന് ജില്ലയില്‍ മികച്ച സ്വീകരണം. വനിതാ ശിശു വികസന വകുപ്പിന്‍റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
മികച്ച പോഷണത്തിന് ശ്രദ്ധിക്കേണ്ട അഞ്ച് പ്രവര്‍ത്തനങ്ങളായ പോഷകാഹാരം, വിളര്‍ച്ച തടയല്‍, വയറിളക്ക നിയന്ത്രണം, ശുചിത്വ ശീലങ്ങള്‍, കുഞ്ഞിന്‍റെ ജനനം മുതല്‍ ആദ്യത്തെ ആയിരം ദിവസങ്ങളുടെ പ്രാധാന്യം എന്നീ വിഷയങ്ങള്‍ ഉള്‍കൊള്ളിച്ചുള്ളതാണ് പോഷണ്‍ എക്‌സ്പ്രസ്സ് പ്രദര്‍ശനം. പോഷണ്‍ എക്‌സ്പ്രസ്സ് സ്വീകരണത്തോടനുബന്ധിച്ച് വിവിധകേന്ദ്രങ്ങളില്‍ പോഷകാഹാരപ്രദര്‍ശന മേളയും കലാപരിപാടികളും സംഘടിപ്പിച്ചു. ഇന്നും പോഷണ്‍ എക്‌സ്പ്രസ് ജില്ലയില്‍ പര്യടനം നടത്തും.

പോഷണ്‍ എക്‌സ്പ്രസ് കാരവാന് ചെറുവത്തൂര്‍ കുട്ടമത്ത് നഗറില്‍ നല്‍കിയ നീലേശ്വരം ബ്ലോക്ക്തല സ്വീകരണം സബ്കളക്ടര്‍ അരുണ്‍ കെ. വിജയന്‍ ഉദ്ഘാടനം ചെയ്തു.നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് ബി.ഡി.ഒ സജീവന്‍ അധ്യക്ഷത വഹിച്ചു. ഐ.സി.ഡി.എസ് ജില്ലാ പ്രൊഗ്രാം ഓഫീസര്‍ കവിത റാണി രഞ്ജിത്ത് മുഖ്യപ്രഭാഷണം നടത്തി.ചെറുവത്തൂര്‍ സി. എച്ച്. സി മെഡിക്കല്‍ ഓഫീസര്‍ ഡോ. ഡി. ജി രമേശ്, ചെറുവത്തൂര്‍ പഞ്ചായത്ത് സെക്രട്ടറി പ്രഭാകരന്‍,നീലേശ്വരം സി.ഡി.പി.ഒ, എ. ജയശ്രീ,നീലേശ്വരം അഡീഷണല്‍ സി.ഡി.പി.ഒ എല്‍. ലക്ഷ്മി എന്നിവര്‍ സംസാരിച്ചു.
വെള്ളരിക്കുണ്ട് ടൗണില്‍ പോഷണ്‍ എക്‌സ്പ്രക്‌സിന് നല്‍കിയ പരപ്പ ബ്ലോക്ക്തല സ്വീകരണം ഐ.സി.ഡി.എസ് ജില്ലാ പ്രൊഗ്രാം ഓഫീസര്‍ കവിത റാണി രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. ദിവ്യ മനോജ് അധ്യക്ഷത വഹിച്ചു.
പോഷണ്‍ എക്‌സ്പ്രസ്സിന് കാഞ്ഞങ്ങാട് ബ്ലോക്ക്തല സ്വീകരണം കാഞ്ഞങ്ങാട് മിനി സിവില്‍ സ്റ്റേഷന്‍ പരിസരത്ത് നല്‍കി. കാഞ്ഞങ്ങാട് മന്തോപ്പ് മൈതാനിയില്‍ വൈകിട്ട് നടന്ന സമാപന ചടങ്ങ് കാഞ്ഞങ്ങാട് സബ് കലക്ടര്‍ അരുണ്‍. കെ.വിജയന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ഐ.സി.ഡി.എസ് പ്രോഗ്രാം ഓഫീസര്‍ കവിതാ റാണി രഞ്ജിത് പോഷണ്‍ എക്‌സ്പ്രസിന്റെ ഉദ്ദേശലക്ഷ്യങ്ങള്‍ വിശദീകരിച്ചു. കാഞ്ഞങ്ങാട് ശിശുവികസന പദ്ധതി ഓഫീസര്‍ ശൈലജ സ്വാഗതം പറഞ്ഞു.

ഇന്ന് രാവിലെ പത്തിന് പോഷണ്‍ എക്‌സ്പ്രസ് കാരവാന് കാറഡുക്ക ബ്ലോക്ക്തല സ്വീകരണം ബോവിക്കാനം ടൗണില്‍ നല്‍കി.12.30 ന് മഞ്ചേശ്വരം ബ്ലോക്ക്തല സ്വീകരണം ഉപ്പള താലൂക്ക് ഓഫീസ് പരിസരത്തും നല്‍കി. വൈകുന്നരം നാലിന് പോഷണ്‍ എക്‌സ്പ്രസ് കാരവാന് കാസര്‍കോട് ബ്ലോക്ക് തല സ്വീകരണവും ജില്ലാതല സമാപനവും കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് സംഘടിപ്പിക്കും.
