
കാസര്‍കോട്: പോഷകാഹാര മാസാചരണ സമാപനവും ലോക ഭക്ഷാ ദിനാചരണവും ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ വനിത ശിശു വികസന ഓഫീസര്‍ ഡീനഭരതന്‍ അധ്യക്ഷത വഹിച്ചു. സബ് കളക്ടര്‍ അരുണ്‍ കെ. വിജയന്‍, ഡെപ്യൂട്ടി ഡി. എം. ഒ ഡോ. ഷാന്റി വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ .വി പുഷ്പ, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ മധു ജോര്‍ജ് മത്തായി, ജില്ലാ ഭക്ഷ്യ സുരക്ഷാ ഓഫീസര്‍ പി. യു ഉദയശങ്കര്‍, മുനിസിപ്പല്‍ സെക്രട്ടറി പി.എന്‍ അനീഷ്, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓഡിനേറ്റര്‍ ടി.ടി സുരേന്ദ്രന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സിജോ എം. ജോസ് എന്നിവര്‍ സംസാരിച്ചു.

ഐ. സി. ഡി. എസ് ജില്ലാ പ്രോഗ്രാം ഓഫീസര്‍ കവിതാ റാണി രഞ്ജിത്ത് സ്വാഗതവും കാഞ്ഞങ്ങാട് അഡീഷണല്‍ സി. ഡി. പി. ഒ എസ്. ഷൈലജ നന്ദിയും പറഞ്ഞു. ആറുമാസം പ്രായമുള്ള കുട്ടികള്‍ക്കുള്ള പോഷകാഹാര ചോറൂണ് – കുഞ്ഞൂണ് എന്ന പേരില്‍സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് സബ് കളക്ടര്‍ അരുണ്‍ കെ. വിജയന്‍റെ ആറു മാസം പ്രായമുള്ള കുഞ്ഞ് അര്‍മാന്‍ അരുണിന്റെ ചോറുണ് ചടങ്ങില്‍ നടത്തി. നൂറ്റിയിരുപതോളം കൈ കുഞ്ഞുങ്ങള്‍ അമ്മമാരുടെ മടിയിലിരുന്ന് അന്നം കഴിച്ചു. വനിതാ ശിശു വികസന വകുപ്പ് ഐ. സി. ഡി. എസ് ജില്ലാ പ്രോഗ്രാം ഓഫീസ്, നാഷണല്‍ ന്യൂട്രീഷന്‍ മിഷന്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ നടന്ന പരിപാടികളില്‍ ജാതി മത വര്‍ഗ വ്യത്യാസമില്ലാതെയാണ് അമ്മമാര്‍ പങ്കാളികളായത്.
