പോലീസ് വാഹനങ്ങളില്‍ നീല ലൈറ്റ് ഉപയോഗിക്കരുത്: കൂടുതല്‍ നിയന്ത്രണത്തോടെ ത്രിവര്‍ണ്ണ ലൈറ്റ് ബീക്കണ്‍ ഉപയോഗിക്കാം.

  • Post category:news
  • Reading time:1 min read
You are currently viewing പോലീസ് വാഹനങ്ങളില്‍ നീല ലൈറ്റ് ഉപയോഗിക്കരുത്: കൂടുതല്‍ നിയന്ത്രണത്തോടെ ത്രിവര്‍ണ്ണ ലൈറ്റ് ബീക്കണ്‍ ഉപയോഗിക്കാം.

തിരുവനന്തപുരം: പോലീസ് വാഹനങ്ങളിലും നീല ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കരുതെന്ന് കേന്ദ്ര ഉപരിതലഗതാഗതമന്ത്രാലയത്തിന്റെ അറിയിപ്പ്. ക്രമസമാധാനച്ചുമതലയുള്ള പോലീസ് ഉദ്യോഗസ്ഥരുടെ വാഹനങ്ങള്‍ക്ക് ത്രിവര്‍ണലൈറ്റുകള്‍ മാത്രം ഉപയോഗിക്കാം. എന്നാല്‍ ത്രിവര്‍ണലൈറ്റുകള്‍ ഉപയോഗിക്കുന്നതിനും കടുത്ത നിയന്ത്രണമുണ്ട്. അഗ്നിസുരക്ഷാസേന, ക്രമസമാധാനച്ചുമതലയുള്ള സൈനിക-അര്‍ധസൈനിക, പോലീസ് വിഭാഗങ്ങള്‍, ദുരന്തനിവാരണസേനാംഗങ്ങളുടെ വാഹനങ്ങള്‍ എന്നിവയ്ക്കു മാത്രമേ ബീക്കണ്‍ ലൈറ്റുകള്‍ക്ക് അനുമതിയുള്ളൂ. കൂടാതെ ഭൂകമ്പം, വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍, ചുഴലിക്കാറ്റ്, സുനാമി, അണുവികരണം എന്നിങ്ങനെ ദുരന്തനിവാരണസേനയുടെ മേഖലകള്‍ക്കും അനുമതിയുണ്ട്.

ക്രമസമാധാനച്ചുമതല, ദുരന്തനിവാരണം എന്നീ ആവശ്യങ്ങള്‍ക്കല്ലാതെ മറ്റാവശ്യങ്ങള്‍ക്കൊന്നും ബീക്കണ്‍ ലൈറ്റ് ഘടിപ്പിച്ച വാഹനങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ല. കേന്ദ്ര മോട്ടോര്‍ വാഹനനിയമത്തിലെ പുതിയ ഭേദഗതിപ്രകാരമാണ് ഈ തീരുമാനം. ഇതില്‍ ചുവപ്പ്, നീല, വെള്ള നിറങ്ങള്‍ ആകാം. നീലനിറം മാത്രമായി ഉപയോഗിക്കാന്‍ പാടില്ല. ട്രാഫിക്, ക്രൈംബ്രാഞ്ച്, വിജിലന്‍സ്, ബോംബ് സ്‌ക്വാഡ് തുടങ്ങി പോലീസിന്റെ മറ്റുവിഭാഗങ്ങള്‍ക്ക് ബീക്കണ്‍ ലൈറ്റ് ഒഴിവാക്കേണ്ടിവരും. ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കാനനുമതിയുള്ള വാഹനങ്ങളുടെ പട്ടിക എല്ലാവര്‍ഷവും സംസ്ഥാന ഗതാഗതവകുപ്പ് പ്രസിദ്ധീകരിക്കണം. ദുരുപയോഗം തടയുന്നതിനുവേണ്ടിയാണ് അംഗീകൃതപട്ടിക വെളിപ്പെടുത്താന്‍ ഉത്തരവിട്ടിട്ടുള്ളത്.

0Shares