കാസർകോട്: പ്രളയക്കെടുതിയില്‍പ്പെട്ടവരെ സഹായിക്കാനായി സര്‍ക്കാര്‍ ജീവനക്കാര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരുമാസത്തെ ശമ്പളം നല്‍കുന്നതിനായി ആവിഷ്‌കരിക്കപ്പെട്ട സാലറി ചലഞ്ചിലേക്ക് പോലീസുകാരെ പങ്കെടുപ്പിക്കാന്‍ വേണ്ടിയിറക്കിയ കാസർകോട് എസ്.പിയുടെ സന്ദേശം ചില കേന്ദ്രങ്ങൾ വിവാദമാക്കി. സാലറി ചലഞ്ചില്‍ പങ്കെടുപ്പിക്കാന്‍ സര്‍ക്കുലർ ഇറക്കിയിട്ടില്ലെന്നും ഔദ്യോഗിക സന്ദേശ സംവിധാനമായ (സി.ഒ.ബി) മെസ്സേജാണ് നൽകിയതെന്നും കാസര്‍ഗോഡ് ജില്ലാ പോലീസ് മേധാവി ഡോ. എ.ശ്രീനിവാസ് ഐ.പി.എസ് ചാനൽ ആർ.ബി യോട് പറഞ്ഞു.
‘സേനയില്‍ തെറ്റു ചെയ്യുന്നവര്‍ക്ക് എതിരേ ശിക്ഷണ നടപടികള്‍ സ്വീകരിക്കാറുണ്ടെങ്കിലും സര്‍ക്കാരിൻ്റെ മഹാമനസ്‌കതയില്‍ ശിക്ഷണ നടപടികള്‍ ഒഴിവാക്കുന്നതിന് ഔദാര്യം കാണിക്കാറുണ്ടെന്നും, ഇതു കണക്കിലെടുത്ത് ശമ്പളം ദുരിതനിധിയിലേക്ക് നല്‍കണമെന്നും സര്‍ക്കുലറില്‍ ആവശ്യപ്പെടുന്നു. ഒഴിവുള്ള ഉദ്യോഗക്കയറ്റങ്ങള്‍ക്ക് ഉപരിയായി വിവിധതരത്തിലുള്ള സ്ഥാനക്കയറ്റങ്ങള്‍ സര്‍ക്കാര്‍ ഉദാരമായി നല്‍കുന്നുണ്ടെന്നും സ്ഥാനക്കയറ്റം സര്‍ക്കാരിൻ്റെ ഔദാര്യമാണെന്നും…’ തുടങ്ങിയ കാര്യങ്ങൾ സര്‍ക്കുലറില്‍ പറയുന്നതായി ചില വാർത്ത മാധ്യമങ്ങളിൽ റിപ്പോർട്ടുണ്ടായിരുന്നു.
ജോലിക്കിടയിൽ യാദൃച്ഛികമായി സംഭവിക്കുന്ന തെറ്റുകളിൽ സർക്കാർ അപ്പീലിൽ പോലീസുകാർക്ക് മാനുഷിക പരിഗണയിൽ നീതി ലഭ്യമാകാറുള്ള കാര്യം ഓർമ്മിപ്പിക്കുകയായിരുന്നുവെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു. ശമ്പളം ദുരിതനിധിയിലേക്ക് നിർബന്ധമായി ആരും നല്‍കണമെന്ന് നിർദ്ദേശിച്ചിട്ടില്ല. ഇംഗ്ലീഷിൽ നിന്നും മെസ്സേജ് മലയാളത്തിയിലേക്ക് പരിഭാഷപ്പെടുത്തിയപ്പോൾ പിശകുപറ്റിയിട്ടുണ്ടെന്നും അദ്ദേഹം ചാനൽ ആർ.ബി യോട് പറഞ്ഞു.
ഒരു മാസത്തെ ശമ്പളം എന്തിന് ദുരിതാശ്വാസനിധിയിലേക്ക് നല്‍കണമെന്നതിനെക്കുറിച്ച് 30 മിനിട്ട് ആലോചിക്കണമെന്നാവശ്യപ്പെട്ടാണ് കാസര്‍ഗോഡ് ജില്ലയിലെ എല്ലാ പോലീസുകാര്‍ക്കും 23-ാം തീയതി സന്ദേശം അയച്ചിരിക്കുന്നത്. ശമ്പളം ദുരിതാശ്വാസനിധിയിലേക്ക് നല്‍കാനുള്ള അവസാന തീയതി 22 ആയിരുന്നു.
പോലീസുകാരെ സാലറി ചലഞ്ചില്‍ പങ്കെടുപ്പിക്കാന്‍ സര്‍ക്കുലർ ഇറക്കിയിട്ടില്ല; സദുദ്ദേശത്തോടെ സി.ഒ.ബി മെസ്സേജാണ് നൽകിയതെന്ന് കാസർകോട് ജില്ലാ പോലീസ് മേധാവി