കാസര്‍കോട്: സമൂഹത്തില്‍ പത്രങ്ങള്‍ക്കുള്ള സ്ഥാനം അതിമഹത്തരമാണെന്നും പോലിസും ഭരണകൂടവും എന്തുപറഞ്ഞാലും മാധ്യമങ്ങളെയാണ് ജനങ്ങള്‍ കൂടുതല്‍ വിശ്വാസത്തിലെടുക്കുന്നതെന്ന് കാസര്‍കോട് ജില്ലാ പോലിസ് മേധാവി കെ.ജി സൈമണ്‍ ഐ.പി.എസ്. സംഭവങ്ങളുടെ നിജ സ്ഥിതിയറിയാന്‍ പത്രങ്ങളെയാണ് ജനങ്ങള്‍ ആശ്രയിക്കുന്നത്.
അതിനാല്‍ സത്യസന്ധമായ പത്രപ്രവര്‍ത്തനത്തിന്റെ ഉത്തരവാദിത്വം പത്രപ്രവര്‍ത്തകര്‍ക്ക് ഉണ്ടായിരിക്കണമെന്ന് ജില്ലാ പോലീസ് മേധാവി അഭിപ്രായപ്പെട്ടു. ദേശീയ മാധ്യമ ദിനത്തിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും കാസര്‍കോട് പ്രസ് ക്ലബ്ബും സംഘടിപ്പിച്ച സെമിനര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സബ് കലക്ടര്‍ എന്‍.ദേവീദാസ് അധ്യക്ഷത വഹിച്ചു.
പ്രശസ്ത സാഹിത്യകാരന്‍ പ്രൊഫ.എം.എ.റഹിമാന്‍ നിര്‍ഭയ മാധ്യമപ്രവര്‍ത്തനത്തിന്റെ ഭാവി എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. പ്രസ്‌ക്ലബ് പ്രസിഡണ്ട് ടി.എ.ശാഫി മോഡറേറ്ററായിരുന്നു. പി.സുരേശന്‍, വിനോദ് മാത്യൂ, പ്രസ് ക്ലബ്ബ് സെക്രട്ടറി വിനോദ് പയം, സണ്ണി തോമസ്, രവി നായ്ക്കാപ്പ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എ.വി.സുഗതന്‍ സ്വാഗതം പറഞ്ഞു.