ബദിയടുക്ക(കാസര്‍കോട്): വികസനകുതുകിയും വഴികാട്ടിയുമായിരുന്ന ഏത്തടുക്കയിലെ കലയത്തോടി ‘ഗ്രീന്‍വ്യൂ’ തറവാട്ടുവീട്ടിലെ കെ ശ്യാംഭട്ടിന് (80) നാടിൻ്റെ അന്ത്യാഞ്ജലി. സംസ്‌കാര ചടങ്ങില്‍ സമൂഹത്തിന്റെ നാനാതുറയില്‍പെട്ട നൂറുകണക്കിനാളുകള്‍ അന്ത്യാഞ്ജയര്‍പിക്കാനെത്തിയിരുന്നു. നീണ്ട പതിനെട്ട് കൊല്ലം കുമ്പഡാജെ ഗ്രാമസേവാസംഘം ലൈബ്രറിയുടെ കര്‍മ്മനിരതനായ പ്രസിഡണ്ടായിരുന്നു. ലൈബ്രറി കൗണ്‍സിലിന്റെ പ്രവര്‍ത്തനങ്ങളിലും സജീവമായി പ്രവര്‍ത്തിച്ചു. മാനവികതയുടെ നേര്‍സാക്ഷ്യമായിരുന്നു ശ്യാംഭട്ടിന്റെ ജീവിതം. ഓരോ പരിപാടിയിലും ആളുകളെ കൂട്ടിയും വായനയുടെ മധുരം പങ്കുവെച്ചും ശ്യാംഭട്ട് ജീവിത സായന്തനത്തില്‍ വായനശാലയെ കൊണ്ടുനടക്കുകയായിരുന്നു. നല്ലവായനയും സാംസ്‌കാരികാവബോധവും കൈമുതലായുണ്ടായിരുന്ന ശ്യാംഭട്ട് ഓരോ സംഭവങ്ങളിലും വാര്‍ത്തകളിലും കൃത്യമായ അവധാനത വെച്ചുപുലര്‍ത്തി. പിന്നോക്ക-ജനവിഭാഗങ്ങളോടും അടിസ്ഥാനവര്‍ഗ്ഗത്തോടും അടുപ്പവും സഹാനുഭൂതിയും കാട്ടിയ അദ്ദേഹം ജനഹൃദയം പിടിച്ചടക്കിയ വ്യക്തിത്വമായിരുന്നു. ചെറുപ്രായത്തില്‍ തന്നെ കോണ്‍ഗ്രസിനു വേണ്ടി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയ വ്യക്തിയായിരുന്നു.
ഏത്തടുക്കയിലെ പാലവും തൂക്കുപാലവും വൈദ്യുതിയുമൊക്കെ അദ്ദേഹത്തിൻ്റെ കയ്യൊപ്പ് പതിഞ്ഞതാണ്. കൂടാതെ കാറഡുക്ക ഗാന്ധിസേവാസംഘം അംഗം, ക്ഷീരവിചാരകേന്ദ്രം പ്രസിഡണ്ട് എന്നീ നിലകളിലും അദ്ദേഹം പ്രവര്‍ത്തിച്ചു. മുന്‍ ഡി.സി.സി അംഗമായിരുന്നു. ഏത്തടുക്ക മില്‍മ കലക്ഷന്‍ സെന്റര്‍ ആരംഭിക്കുന്നതിലും അദ്ദേഹം ഇടപെട്ടിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍.എ.നെല്ലിക്കുന്നിന്റെ ഇലക്ഷന്‍ പ്രചരണത്തിന് കുംബഡാജെ പഞ്ചായത്തിന്റെ ചെയര്‍മാന്‍ ആയി പ്രവര്‍ത്തിച്ചിരുന്നു. എന്‍ജിനീയറിങ് ബിരുദധാരിയായ അദ്ദേഹം മുംബൈയില്‍ കുറേ വര്‍ഷം ജോലിചെയ്തു. നാട്ടില്‍ തിരിച്ചുവന്ന് തോട്ടവും കൃഷിയും സാംസ്‌കാരിക പ്രവര്‍ത്തനവുമായി ഇഴുകിചേര്‍ന്ന് പ്രവര്‍ത്തിക്കുകയായിരുന്നു. ക്രാന്തദര്‍ശിത്വവും ഉത്പതിഷ്ണുത്വവും കൊണ്ട് സ്‌നേഹം നല്‍കിയ അദ്ദേഹം നാടിനെയാകെ വേദനിപ്പിച്ചുകൊണ്ടാണ് വിടവാങ്ങിയത്. ഭാര്യ: കെ പാര്‍വ്വതി എസ് ഭട്ട്, മക്കള്‍: ഡോ. വേണുഗോപാല, ഷൈല, ഷീല. മരുമക്കള്‍: ഡോ. തിലക്, അശോക്, വിദ്യാ ഗൗരി.
പൊതുപ്രവര്‍ത്തകനും അടിസ്ഥാനവര്‍ഗങ്ങളുടെ വഴികാട്ടിയുമായിരുന്ന ശ്യാംഭട്ടിന് നാടിൻ്റെ യാത്രാമൊഴി