
കാസര്‍കോട്: കാറ്റിലും മഴയിലും പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്നും ഷോക്കേറ്റ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു കുംബഡാജെ ഏത്തടുക്കയിലെ ജയറാം മൂല്യ- ജയന്തി ദമ്പതികളുടെ മകളായ അര്‍പ്പിതയാണ് (6) മരിച്ചത്.
തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. വൈകിട്ട് സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയ അര്‍പ്പിത മാതാവിനോടൊപ്പം പറമ്പിലേക്ക് ഇറങ്ങിയതായിരുന്നു. പെട്ടെന്നുണ്ടായ ശക്തമായ കാറ്റിലും മഴയിലും മരം വൈദ്യുതി ലൈനില്‍ വീഴുകയും വൈദ്യുതി കമ്പി പൊട്ടി വീണു.
ഇതിലൂടെ കടന്നുപോവുകയായിരുന്ന മാതാവിനും കുട്ടിക്കും ഷോക്കേല്‍ക്കുകയായിരുന്നു. നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാര്‍ ഇരുവരെയും ബദിയടുക്കയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും അര്‍പ്പിതയുടെ ജീവന്‍ നഷ്ടപ്പെട്ടിരുന്നു. അര്‍പ്പിതയുടെ മരണം നാടിനെ കണ്ണീരിലാഴ്ത്തി. സഹോദരങ്ങള്‍: ഹേമന്ദ്. സായി.
