പേഴ്‌സണല്‍ സ്റ്റാഫെന്ന് തെറ്റിദ്ധരിപ്പിച്ച് ബിജോ തട്ടിയത് ലക്ഷങ്ങള്‍; എം.എല്‍.എ വീണാ ജോര്‍ജിൻ്റെ പരിപാടിയില്‍ ഒപ്പമുള്ള ഫോട്ടോ കാട്ടിയാണ് യുവാവ് തട്ടിപ്പിനിരയാക്കിയത്

  • Post category:news
  • Reading time:1 min read
You are currently viewing പേഴ്‌സണല്‍ സ്റ്റാഫെന്ന് തെറ്റിദ്ധരിപ്പിച്ച് ബിജോ തട്ടിയത് ലക്ഷങ്ങള്‍; എം.എല്‍.എ വീണാ ജോര്‍ജിൻ്റെ  പരിപാടിയില്‍ ഒപ്പമുള്ള ഫോട്ടോ കാട്ടിയാണ് യുവാവ് തട്ടിപ്പിനിരയാക്കിയത്

പത്തനംതിട്ട: എം.എല്‍.എ വീണാ ജോര്‍ജിന്റെ പേഴ്‌സണല്‍ സ്റ്റാഫെന്നു തെറ്റിദ്ധരിപ്പിച്ച് ലക്ഷങ്ങളുടെ തട്ടിപ്പു നടത്തിയ യുവാവ് മുങ്ങി. പത്തനംതിട്ട ആറാട്ടുപുഴ സ്വദേശി ബിജോ മാത്യുവാ(40)ണ് ആറുലക്ഷത്തിലധികം രൂപ തട്ടിയെടുത്ത ശേഷം മുങ്ങിയത്. തിരുവല്ല സ്വദേശികളായ മൂന്നുപേരില്‍നിന്നു ജോലി വാഗ്ദാനം ചെയ്ത് 1.65 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് ഡി.വൈ.എസ്.പിക്ക് പരാതി ലഭിച്ചിട്ടുള്ളത്. അടൂര്‍ സ്വദേശികളില്‍നിന്ന് 3,45,000 രൂപയും ഇയാള്‍ തട്ടിയെടുത്തു. ഇവര്‍ അടൂര്‍ സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. വീടിനടുത്തുള്ള ഒരാളില്‍ നിന്നും ഒന്നരലക്ഷം രൂപയും ബിജോ ജോലി വാഗ്ദാനം നടത്തി തട്ടിയെടുത്തതായും പരാതി നിലനില്‍ക്കുന്നുണ്ട്. മുമ്പ് ആന്റോ ആന്റണി എം.പിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗമായിരുന്നു. പിന്നീട് ഗള്‍ഫില്‍ പോയി തിരിച്ചു വന്ന ശേഷം വീണാ ജോര്‍ജിനൊപ്പം വിവിധ പരിപാടികളില്‍ പങ്കെടുത്തു. ചടങ്ങുകളുടെ ഫോട്ടോ കാട്ടിയാണ് തട്ടിപ്പിനിരയാക്കിയത്.ഉദ്യോഗാര്‍ഥികളില്‍നിന്ന് പണം തട്ടിയെടുത്ത ശേഷം ടിക്കറ്റും ബിജോ നല്‍കിയിരുന്നു. എന്നാല്‍ ഇവ ക്യാന്‍സലായെന്ന് പിന്നീട് അറിയിക്കുകയായിരുന്നു. സംശയം തോന്നിയ ഉദ്യോഗാര്‍ഥികള്‍ നടത്തിയ പരിശോധനയിലാണ് തട്ടിപ്പിനിരയായതായി മനസ്സിലാക്കിയത്. എന്നാല്‍ ബിജോ മാത്യു ജോലിക്കായി തന്നെ സമീപിച്ചിരുന്നുവെങ്കിലും പേഴ്‌സണല്‍ സ്റ്റാഫ് അല്ലായിരുന്നുവെന്ന് വീണാ ജോര്‍ജ് പ്രതികരിച്ചു. ആള്‍മാറാട്ടത്തിനും വ്യാജരേഖ ചമച്ചതിനും ഇയാള്‍ക്കെതിരെ പത്തനംതിട്ട ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയതായും വീണ പറഞ്ഞു.

0Shares