പെരിയ ഇരട്ടക്കൊലപാതക കേസ്: സി.ബി.ഐ അന്വേഷണത്തിന് തടയിടാൻ സര്‍ക്കാരിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ മനീന്ദര്‍ സിംഗ് ഹാജരാകും

  • Post category:news
  • Reading time:1 min read
You are currently viewing പെരിയ ഇരട്ടക്കൊലപാതക കേസ്: സി.ബി.ഐ അന്വേഷണത്തിന് തടയിടാൻ സര്‍ക്കാരിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ മനീന്ദര്‍ സിംഗ് ഹാജരാകും

പെരിയ ഇരട്ടക്കൊലപാതക കേസ് സി.ബി.ഐയ്ക്ക് കൈമാറിയ കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസന്വേഷണം സി.ബി.ഐ ഏറ്റെടുക്കേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. അതേസമയം കേസില്‍ സര്‍ക്കാരിന് വേണ്ടി പുതിയ അഭിഭാഷകന്‍ മുന്‍ അഡിഷണല്‍ സോളിസിറ്റര്‍ ജനറല്‍ മനീന്ദര്‍ സിംഗ് ഹാജരാകും.

കഴിഞ്ഞ തവണ സര്‍ക്കാരിനു വേണ്ടി മുന്‍ സോളിസിറ്റര്‍ ജനറല്‍ രഞ്ജിത്ത് കുമാര്‍ ആയിരുന്നു ഹാജരായത്. രഞ്ജിത്ത് കുമാറിന്‍റെ അസൗകര്യം പരിഗണിച്ചാണ് പുതിയ അഭിഭാഷകനെ നിയമിച്ചതെന്നാണ് സര്‍ക്കാര്‍ വിശദീകരണം. സെപ്റ്റംബര്‍ 30 നാണ് പെരിയ ഇരട്ടക്കൊലക്കേസ് സി.ബി.ഐയ്ക്ക് വിടാന്‍ കോടതി ഉത്തരവുണ്ടായത്. നേരത്തെ മുന്‍ സോളിസിറ്റര്‍ ജനറലും സുപ്രീം കോടതിയിലെ സീനിയർ അഭിഭാഷകനുമായ രഞ്ജിത് കുമാറിന് ഒരു സിറ്റിംഗിന് 25 ലക്ഷം രൂപ അനുവദിച്ച് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കിയിരുന്നു.

ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രം റദ്ദാക്കിക്കൊണ്ടാണ് സി.ബി.ഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടത്. ഇരട്ടക്കൊലപാതക കേസ് അന്വേഷണത്തില്‍ പോലീസിന് ഗുരുതരവീഴ്ച സംഭവിച്ചതായി കോടതി നിരീക്ഷിച്ചിരുന്നു.

യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത്‌ലാലിനെയും ഫെബ്രുവരി 17 നാണ് അക്രമികള്‍ വെട്ടിക്കൊലപ്പെടുത്തിയത്. കേസന്വേഷണം ഫലപ്രദമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ക്രൈംബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രം റദ്ദാക്കിയത്.

 

0Shares