കാസര്‍കോട്: ശക്തമായ കാലവര്‍ഷത്തെ തുടര്‍ന്നു നിര്‍മ്മാണം നിര്‍ത്തിവെച്ച ആയംകടവു പാലത്തിന്റെ പണി പുനരാരംഭിക്കാന്‍ കെ കുഞ്ഞിരാമന്‍ എം എല്‍എയുടെ സാന്നിധ്യത്തില്‍ പാലം സൈറ്റില്‍ ജനപ്രതിനിധികളുടേയും നാട്ടുകാരുടേയും ഉദ്യോഗസ്ഥരുടേയും യോഗം ചേര്‍ന്നു.
2015 ലെ കാസര്‍കോട് പാക്കേജില്‍ ഉള്‍പ്പെടുത്തി അനുവദിച്ച പെര്‍ളടുക്കം-ആയംകടവ്-പെരിയ റോഡിലെ ആയംകടവു പാലത്തിന്റെ പ്രവൃത്തി സാങ്കേതിക കാരണങ്ങളാലാണ് നിര്‍ത്തിവെച്ചതെന്നും ഇത് താമസിയാതെ പുന:രാരംഭിക്കുമെന്നും എം.എല്‍.എ പറഞ്ഞു. സംസ്ഥാനത്തെ ഏറ്റവും ഉയരം കൂടിയ പാലമെന്ന് ഖ്യാതി നേടിയ പാലമായിരുന്നു ആയംകടവു പാലം.
പാലത്തിന്റെ നിര്‍മ്മാണം രണ്ടര വര്‍ഷം കഴിഞ്ഞിട്ടും പൂര്‍ത്തീകരിക്കാത്തതില്‍ ആശങ്കയുണ്ടായിരുന്നു. പാലത്തിനു വേണ്ടി സൗജന്യമായി ഭൂമി വിട്ടു കൊടുത്ത നാട്ടുകാരും പ്രദേശവാസികളും എം.എല്‍.എ അടക്കമുള്ളവരെ ആശങ്ക അറിയിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു അവലോകന യോഗം ചേര്‍ന്നത്. സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിച്ച് വരുന്ന ഡിസംബര്‍ 31 നകം പാലം നിര്‍മ്മാണം പൂര്‍ത്തീകരിക്കണമെന്ന് എംഎല്‍.എ യും പുല്ലൂര്‍-പെരിയ പഞ്ചായത്ത് പ്രസിഡണ്ട് ശാരദ എസ് നായരും എക്സിക്യുട്ടീവ് എഞ്ചിനീയര്‍ക്കും കരാറുകാരനും നിര്‍ദ്ദേശം നല്‍കി.
പെരിയ ആയംകടവു പാല നിര്‍മാണം ഡിസംബര്‍ 31 നകം പൂര്‍ത്തീകരിക്കാന്‍ നിര്‍ദ്ദേശം