
കാസർകോട്: കാസർകോട് ജില്ലയിലെ പെരിയയില്‍ നടന്ന ഇരട്ടക്കൊലപാതക കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയിൽ ഹർജി നൽകി. കൊല്ലപ്പെട്ട യുവാക്കളുടെ മാതാപിതാക്കളാണ് ഹർജിക്കാർ. ഈ ഹർജി ഹൈക്കോടതി നാളെ പരിഗണിക്കും.

ഫെബ്രുവരി മാസം പതിനേഴിന് രാത്രി എട്ട് മണിയോടെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടത്. ഇവരെ കല്യോട്ട് കൂരാങ്കര റോഡിൽ വച്ച് വെട്ടി കൊലപ്പെടുത്തുകയായിരുന്നു. ലോക്കല്‍ പോലീസ് അന്വേഷിച്ചു തുടങ്ങിയ കേസ് നിലവില്‍ ക്രൈംബ്രാഞ്ച് ആണ് അന്വേഷിക്കുന്നത്. എന്നാല്‍, അന്വേഷണം വൈകിപ്പിക്കാനാണ് ക്രൈംബ്രാഞ്ച് സംഘം ശ്രമിക്കുന്നതെന്നാണ് ബന്ധുക്കളുടെ ആരോപണം.
