
മൊഗ്രാൽ(കാസർകോട്): നിറം മങ്ങിയ വിദ്യാലയ ജീവിതത്തിൻ്റെ ഓർമ്മകൾക്ക് വർണ്ണങ്ങൾ ചാർത്തി കാൽ നൂറ്റാണ്ടിന് ശേഷം പൂർവ്വ വിദ്യാർത്ഥികൾ ഒരിക്കൽ കൂടി ഒത്തുചേർന്നു. ഇന്നലെകളെ ഒരിക്കൽ കൂടി ചേർത്ത് പിടിച്ച് കൊട്ടും പാട്ടുമായി അവർ വീണ്ടും ഒത്തുകൂടിയത് മൊഗ്രാൽ ഗവ: വെക്കേഷണൽ ഹയർ സെക്കൻ്റെറി സ്കൂളിലാണ്. 93 – 94 ലെ എസ്.എസ്.എൽ.സി ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികളാണ് അക്ഷരലോകത്തേക്ക് കൈപിടിച്ചു നടത്തിയ വിദ്യാലയ മുറ്റത്ത് വീണ്ടും ഒത്തുചേർന്നത്. ‘പിരിസപ്പാട് ‘ എന്ന പേരിലാണ് സംഗമം സംഘടിപ്പിച്ചത്. പലരും പഠിച്ചിറങ്ങിയ ശേഷം ആദ്യമായാണ് വിദ്യാലയത്തിലേക്ക് വീണ്ടും എത്തിയത്. പിന്നിട്ട വഴികളിൽ മാഞ്ഞുപോയെന്ന് കരുതിയ മധുരമൂറുന്ന വിദ്യാലയ ഓർമ്മകൾക്ക് അവർ വീണ്ടും തിരി തെളിയിച്ചപ്പോൾ അളവറ്റ ആഹ്ലാദത്താൽ സ്കൂളും പരിസരവും വീർപ്പുമുട്ടി.
പ്രസ്തുത ബാച്ചിലെ പൂർവ്വ വിദ്ധ്യാർത്ഥികളിൽ ചിലർ അഞ്ചു വർഷം മുമ്പ് ആരംഭിച്ച വാട്സാപ്പ് ഗ്രൂപ്പിലൂടെ വിദേശത്തും നാട്ടിലുമുള്ളവരുടെ പരിശ്രമത്തിൻ്റെ ഫലമായാണ് ഈ വിദ്യാലയ തിരുമുറ്റത്ത് ഒത്തുചേരലിന് വേദിയൊരുക്കിയത്. പൂർവ്വ വിദ്യാർത്ഥികളും, അവരുടെ ജീവിത പങ്കാളിയും, മക്കളും ഒത്തുചേർന്നപ്പോൾ അത് വലിയൊരു കുടുംബ സംഗമമായി മാറിയിരുന്നു. അഘാലത്തിൽ പൊലിഞ്ഞു പോയ ജലജാ ടീച്ചർ, ഹാരിസ് കൊപ്പളം, ഇബ്രാഹിം പേരാൽ, നസീമാ ബാനു എന്നിവർക്ക് വേണ്ടി ഒരു മിനിറ്റ് മൗന പ്രാർത്ഥന നടത്തിയാണ് പരിപാടിക്ക് തുടക്കംകുറിച്ചത്. മനാഫ് എൽ.ടി യുടെ കവിത ചൊല്ലിയതിനു ശേഷം സ്ക്രീനിൽ തെളിയുന്ന കുടുംബ ഫോട്ടോയോടെ മാഹിൻ മാസ്റ്റർ ഹാജർ വിളിച്ചപ്പോൾ ഓരോരുത്തരും എഴുന്നേറ്റ് നിന്ന് പ്രസൻസ് പറഞ്ഞു. വൈകിയെത്തിയവരെ ശാസിച്ചതും പഴയകാല പത്താം ക്ലാസ് ജീവിതം ഒരിക്കൽ കൂടി ഓർമിപ്പിച്ചു. പെൺകുട്ടികളടക്കം ഇരുപത്തഞ്ചോളം സഹപാടികൾ ഗൾഫ് നാടുകളിൽ നിന്നും വന്നതും പരിപാടിക്ക് പൊലിമയേറി.

പഴയകാല റിസീവർ ബുക്സ്റ്റാളും, കരിമ്പിൻ ജൂസ് ലൈവും, ഗൃഹാതുരത്തം തുളുമ്പുന്ന പഴയ കാല മിഠായികളും, വിഭവസമൃതമായ ഭക്ഷണവും ഒരുക്കിയിരുന്നു. കുട്ടികളുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും കലാ പരിപാടികളും, കായിക മത്സരങ്ങളും ഒത്തുചേരലിന് വർണ്ണപ്പകിട്ടേകി. പരിപാടിയിൽ മാഹിൻ മാസ്റ്റർ, ഭാസ്ക്കരൻ മാസ്റ്റർ, ഗീത ടീച്ചർ സജീവമായി സമാപനം വരെ പരിപാടി ആസ്വദിക്കാൻ ഉണ്ടായിരുന്നു. ഒത്തുചേരലിൻ്റെ ഓർമ്മക്കായ് വർണ്ണാഭമായ ഒരു ഗ്രൂപ്പ് ഫോട്ടോ പകർത്താനും സാദിച്ചത് രണ്ടരപ്പതിറ്റാണ്ടിൻ്റെ ഓർമ്മക്ക് വലിയൊരു മുതൽകൂട്ടായി. ‘പിരിസപ്പാട് ഭവൻ’ എന്ന് നാമകരണം ചെയ്ത് സാന്ദ്വനത്തിൻ്റെ പുതുവെട്ടവുമായ് നൊമ്പരങ്ങൾക്ക് നടുവിൽ ജീവിക്കുന്ന സഹപാടിക്ക് ഒരു വീട് വെച്ച് നൽകാനും തീരുമാനിച്ചു.
പ്രസ്തുത പരിപാടിയിലേക്കുള്ള ആദ്യ ഘടു മാഹിൻ മാസ്റ്റർക്ക് കൈമാറി. ഈ കൂട്ടായ്മ സ്കൂളിൻ്റെ ഹൈടെക് ക്ലാസ്റൂമിന് സാമ്പത്തിക സഹായം നൽകീട്ടുണ്ട്. 2016ൽ കാസർകോട് ദേരാ സിറ്റിയിൽ ആൺകുട്ടികളുടെ കൂട്ടായ്മ ഒരുക്കിയിരുന്നു. മാഹിൻ മാസ്റ്ററെ ആദരിക്കുകയും ചെയ്തിട്ടുണ്ട്. വിട പറയുംമ്പോൾ ഇനിയൊരിക്കൽ കൂടി ഒത്തുചേരലിന് അവസരം ഒരുക്കണ മെന്ന വിദ്യാർത്ഥിനികളുടെ അഭ്യർത്ഥനയോടെ വ്യത്യസ്തമായ പരിപാടികളും, മധുരമൂറുന്ന പൂർവ്വകാല സ്മൃതിയും അയവിറക്കി അവർ ഒടുവിൽ വിദ്യാലയത്തിൻ്റെ പടിയിറങ്ങി.
