കൊച്ചി: പൂർണ ഗർഭണിയായ യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി കാര്‍ റോഡിലെ കുഴിയിൽ വീണു. ഇതോടെ വേദന കൂടിയ യുവതിക്ക് കാറിൽ തന്നെ പ്രസവിക്കേണ്ടിവന്നു. കുഴി രൂപപ്പെട്ട റോഡുകൾ നന്നാകാത്തതിനാൽ ദുരിതം അനുഭവിക്കുകയാണ് പൊതുജനം. ഇതിന്ടെ ഒരു തെളിവാണ് പെരുമ്പാവൂരിൽ സംഭവിച്ചതും. പെരുമ്പാവൂർ പി.പി റോഡില്‍ വാത്തിയായത്ത് ആശുപത്രിക്ക് സമീപമായിരുന്നു സംഭവം. പത്തടിപ്പാലത്ത് താമസിച്ചുവന്നിരുന്ന തമിഴ്നാട് സ്വദേശിനിയായ സുനിതയാണ് സഞ്ചരിച്ചിരുന്ന വാഹനം കുഴിയിൽ വീണതിനെ തുടര്‍ന്ന് പ്രസവിച്ചത്. ഡ്രൈവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഓടിയെത്തിയ ആശുപത്രി ജീവനക്കാരാണ് അമ്മയെയും കുഞ്ഞിനെയും ലേബര്‍ റൂമില്‍ എത്തിച്ചത്.

അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചതയാണ് വിവരം. നഗരമധ്യത്തിലൂടെ കടന്നുപോകുന്ന പി.പി.റോഡ് ഗട്ടറായിട്ട് വര്‍ഷങ്ങളായി. സമീപവാസികള്‍ നിരവധി തവണ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. കാലവർഷം എത്തിയതോടെ റോഡിലെ കുഴികളും വലുതായി തുടങ്ങി. മഴവെള്ളം നിറഞ്ഞാൽ ഇവിടം യാത്ര ചെയ്യാൻ പറ്റാത്ത അവസ്ഥയിലാണെന്ന് നാട്ടുകാർ പറഞ്ഞു.