
കോട്ടയം: പൂഞ്ഞാര്‍ എം.എല്‍.എ പി.സി ജോര്‍ജ് മുഖ്യമന്ത്രിയാകുന്നു. സംഭവം അറിഞ്ഞ് ഞെട്ടരുത്. സലിം കുമാര്‍ ജയറാമിനെ നായകനാക്കി സംവിധാനം ചെയ്യുന്ന മുഴുനീള കോമഡി ചിത്രമായ ‘ദൈവമേ കൈ തൊഴാം കെ കുമാറാകണം’ എന്ന ചിത്രത്തിലാണ് പി.സി മുഖ്യനായി വേഷമിടുന്നത്. ഗ്ലോബല്‍ യുണൈറ്റഡ് മീഡിയയുടെ ബാനറില്‍ ഡോക്ടര്‍ സഖറിയ തോമസും അനന്യ ഫിലിംസിന്റെ ബാനറില്‍ ആല്‍വിന്‍ ആന്റണിയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഇതിനുമുന്‍പ് അച്ചായന്‍സ് എന്ന ചിത്രത്തില്‍ പി.സി ജോര്‍ജ് എം.എല്‍.എ ആയിത്തന്നെ അഭിനയിച്ചിരുന്നു. സലിം കുമാര്‍ മുമ്പ് സംവിധാനം ചെയ്ത ചിത്രങ്ങള്‍ കംപാര്‍ട്ട്‌മെന്റ്, കറുത്ത ജൂതന്‍ എന്നിവയാണ്. സലിം കുമാര്‍ സംവിധാനം ചെയ്ത മുന്‍ ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഒരു ഫാമിലി എന്റര്‍ടെയിനറായിട്ടാണ് ഈ ചിത്രം ഒരുക്കുന്നത്.
മംമ്ത മോഹന്‍ദാസാണ് ചിത്രത്തിലെ നായിക. കേരള രാഷ്ട്രീയത്തിലെ നിറ സാന്നിദ്ധ്യമായ പി.സി ജോര്‍ജ് ഇനി സിനിമയിലും സജീവമാകുകയാണ്. പി.സി ജോര്‍ജിന് ഈ വര്‍ഷത്തെ രണ്ടാമത്തെ സിനിമയാണിത്. പ്രധാന താരങ്ങളെല്ലാം ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ശ്രീനിവാസന്‍, സലിം കുമാര്‍, നെടുമുടി വേണു, സുരഭി ലക്ഷ്മി, മഞ്ജു, കൊച്ചു പ്രേമന്‍, കോട്ടയം പ്രദീപ്, എന്നിവരാണ് താരനിരയില്‍. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.
