
ലോക ബാഡ്മിന്റണ്‍ കിരീടം നേടി പി.വി.സിന്ധു രാജ്യത്തിന്‍റെ അഭിമാനം വീണ്ടും ഉയര്‍ത്തിയിരിക്കുകയാണ്. ലോകചാംപ്യനാകുന്ന ആദ്യ ഇന്ത്യന്‍ വനിതയാണ് പി.വി.സിന്ധു. ജപ്പാന്‍ താരം നൊസോമ ഒകുഹാരയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പിച്ചാണ് സിന്ധു സ്വര്‍ണം കരസ്ഥമാക്കിയത്.
സൈനാ നേവാളിന് ശേഷം ലോക റാങ്കിംഗിൽ മുന്നിട്ട് നിൽക്കുന്ന ഇന്ത്യൻ കളിക്കാരി ആണ് സിന്ധു. 2012 മെയ് 2ന് സിന്ധു കരിയറിലെ ഏറ്റവും മികച്ച റാങ്കിംഗായ 13ൽ എത്തി. 2016 ആഗസ്റ്റ് 18 ന് റിയോ ഒളിമ്പിക്സ് 2016 സെമിഫൈനലിൽ ജപ്പാന്‍റെ നൊസോമി ഒകുഹാരയെ പരാജയപ്പെടുത്തി ഒളിമ്പിക്സ് ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ ബാഡ്മിന്റൺ താരമായി സിന്ധു മാറി. പ്രശസ്ത ബാഡ്മിന്റൺ താരമായിരുന്ന പുല്ലേല ഗോപീചന്ദ് ആണ് സിന്ധുവിന്‍റെ പരിശീലകൻ.

പുസർല വെങ്കിട്ട സിന്ധു എന്നാണ് പി. വി സിന്ധുവിന്‍റെ മുഴുവൻ പേര്.വയസു 24 ആയിട്ടേ ഉള്ളു ഈ മിടുക്കിക്ക്. ജനിച്ചത് തെലങ്കാനയിലെ സെക്കന്ദരാബാദിൽ. രമണയും പി.വിജയ്‍യും ആണ് മാതാപിതാക്കൾ.സിന്ധുവിന്‍റെ പിതാവായ രമണ വോളിബാൾ താരമാണ്. ഇന്ത്യക്കു വേണ്ടി കളിച്ചിട്ടുള്ള രമണ അർജുന അവാർഡ് ജേതാവ് കൂടിയാണ്. സിന്ധുവിന്റെ അമ്മ പി. വിജയ്‍യും വോളിബാൾ താരമാണ്. അച്ഛനും അമ്മയും വോളിബാൾ താരങ്ങളായിട്ടും കുഞ്ഞു സിന്ധുവിനു ചെറുപ്പത്തിലേ പ്രിയം ബാഡ്മിന്റൺ കോർട്ടുകളോടായിരുന്നു.
മകളുടെ ഈ താൽപര്യം മനസിലാക്കിയ മാതാപിതാക്കൾ ചെറുപ്പം മുതലേ മക്കൾക്ക് വേണ്ടത്ര പ്രോത്സാഹനവും പരിശീലനവും നൽകി. സിന്ധു ആദ്യം പരിശീലനം നേടിയത് പ്രശസ്ത പരിശീലകൻ മെഹ്ബൂബ് അലിയുടെ കീഴിലായിരുന്നു.
