പുളളിക്കാരന്‍ സ്റ്റാറാ; ‘നമസ്‌തേ ഇന്ത്യ’ചിത്രത്തില്‍ തിളങ്ങി കാസര്‍കോട്ടെ വിഷ്ണു നമ്പ്യാര്‍

  • Post category:news
  • Reading time:2 mins read
You are currently viewing പുളളിക്കാരന്‍ സ്റ്റാറാ; ‘നമസ്‌തേ ഇന്ത്യ’ചിത്രത്തില്‍ തിളങ്ങി കാസര്‍കോട്ടെ വിഷ്ണു നമ്പ്യാര്‍

കാസര്‍കോട്: ജി.കെ ശ്രീഹരിക്ക് പിന്നാലെ അഭ്രപാളിയില്‍ കാസര്‍കോടിന്റെ കയ്യൊപ്പുമായി വിഷ്ണു നമ്പ്യാര്‍. നമസ്‌തേ ഇന്ത്യ എന്ന സിനിമയിലെ നായകവേഷമണിഞ്ഞാണ് വിഷ്ണു താരമായിരിക്കുന്നത്. ഹോളിവുഡ് താരം എലീനയാണ് വിഷ്ണുവിന്റെ നായിക. കാസര്‍കോട്ടെ മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ വി.വി പ്രഭാകരന്റെയും കെ.പി വല്‍സലയുടെയും മകനായ വിഷ്ണു ബി.ടെക് ബിരുദത്തിന് ശേഷം യാദൃശ്ചികമായാണ് സിനിമാലോകത്ത് എത്തുന്നത്. ചെന്നൈയിലെ ജോലിയ്ക്ക് ശേഷം ദുബൈയിലേക്ക് പോകാന്‍ അവസരമൊത്തതോടെയാണ് സ്വദേശമായ വിദ്യാനഗറിലെ വീട്ടിലെത്തിയത്. വിസയ്ക്കായുള്ള ഒരുമാസത്തെ കാത്തിരിപ്പില്‍ സമയം കളയാനുള്ള വേദിയായിരുന്നു സോഷ്യല്‍മീഡിയയിലെ പോസ്റ്റിങ്ങും കമന്റുകളും.അങ്ങനെ ഡബ് സ്മാഷ് വീഡിയോ വെറുതെ അപ് ലോഡ് ചെയ്തത് ജീവിതത്തിലെ വഴിത്തിരിവായി. ഫേസ്ബുക്കിലൂടെ വൈറലായ വിഷ്ണുവിന്റെ വീഡിയോ സിനിമാ സംവിധായകന്‍ രാജീവ് വര്‍ഗിസ് കാണാനിടയായി. വിഷ്ണുവില്‍ താല്‍പര്യനായ അദ്ദേഹം നേരിട്ട് വിളിക്കുകയും തന്റെ പുതിയ സിനിമയിലേക്ക് ക്ഷണിക്കുകയും ചെയ്തു. ഓഡിഷനില്‍ മികവാര്‍ന്ന പ്രകടനം കാഴ്ചവച്ചതോടെ നായകന്റെ കുപ്പായം വിഷ്ണു ഉറപ്പാക്കുകയായിരുന്നു. അങ്ങനെ സംവിധായകന്റെ ‘ഞാനും പ്രേമിച്ചു’ എന്ന സിനിമയിലെ അമര്‍ എന്ന പേരുള്ള ഡ്രാമാസ്‌കൂളിലെ വിദ്യാര്‍ഥിയായി ചിത്രത്തില്‍ വേഷമിട്ടു. ശിവകാമിയായിരുന്നു നായിക. കോമഡിയും ട്രാജഡിയും സമം ചേര്‍ത്തുള്ള പടം ഈമാസം അവസാനത്തോടെ റിലീസ് ചെയ്യും. ഇതിന് ശേഷമാണ് രണ്ടാം ചിത്രമായ നമസ്‌തേ ഇന്ത്യയില്‍ അവസരം ലഭിക്കുന്നത്. പ്രണയവും സംഗീതവും ചേര്‍ന്ന ചിത്രത്തിലെ രോഹിത് എന്ന നായക കഥാപാത്രമായാണ് വിഷ്ണു അഭിനയിച്ചത്. ഷാജി കൈലാസിന്റെ സഹായിയായി പ്രവര്‍ത്തിച്ച അജയ് രവികുമാറിന്റെ കന്നിചിത്രംകൂടിയാണിത്. ലോക സിനിമ ഇതുവരെ കാണാത്ത ഒരു പുതിയ പ്രമേയവുമായാണ് നമസ്‌തെ ഇന്ത്യ എന്ന ചിത്രം ഒരുങ്ങിയത്. പ്രണയവും സംഗീതവും കലര്‍ന്ന അറബിക്കടല്‍ മുതല്‍ ഹിമാലയം വരെയുള്ള യാത്രയാണ് ചിത്രത്തിന്റെ പ്രമേയം. ഇന്ത്യയെ അറിയാന്‍ ആഗ്രഹിക്കുന്ന ഒരു ഇസ്രായേലി പെണ്‍കുട്ടിയാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രം. കേരളം, കര്‍ണാടക, ന്യൂഡല്‍ഹി, ആഗ്ര, പഞ്ചാബ്, ഹിമാചല്‍ പ്രദേശ്, കശ്മീര്‍ എന്നിവിടങ്ങളിലാണ് ചിത്രീകരണം നടന്നത്. ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍ താജ് മഹലും ഹിമാലയ പര്‍വതനിരകളുമായിരുന്നു. ഹിമാലയത്തിലെ 18600 അടി ഉയരത്തില്‍ വരെ എത്തുന്ന ക്ലൈമാക്സ് ചിത്രീകരണം ചിത്രത്തിന്റെ ദൃശ്യഭംഗിയെ അവിസ്മരണീയമാക്കും. ക്രിയേറ്റിയോ ഹൗസിന്റെ ബാനറില്‍ ജോസി കാഞ്ഞിരപ്പള്ളിയാണ് ചിത്രം നിര്‍മിക്കുന്നത്. ഛായാഗ്രാഹണം രാഹുല്‍ മേനോന്‍, സംഗീതം അഖില്‍ രാജ്.

 

 

0Shares