
ന്യൂഡല്‍ഹി: പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച സൈനികരുടെ ബന്ധുക്കള്‍ക്ക് ഐ.പി.എല്‍ ടീം കിങ്‌സ് ഇലവന്‍ പഞ്ചാബ് 25 ലക്ഷം രൂപ വീതം സംഭാവന നല്‍കും. പഞ്ചാബിലും ഹിമാചല്‍ പ്രദേശിലുമുള്ള അഞ്ച് സി.ആര്‍.പി.എഫ് ജവാന്മാരുടെ കുടുംബങ്ങള്‍ക്ക് കിങ്‌സ് ഇലവന്‍ പഞ്ചാബ് ഫണ്ട് നേരിട്ട് വിതരണം ചെയ്തു. ജെയ്മാല്‍ സിങ്, സുഖ്ജിന്ദര്‍ സിങ്, മണീന്ദര്‍ സിങ്, കുല്‍വീന്ദര്‍ സിങ്, തിലക് രാജ് എന്നിവരുടെ കുടുംബങ്ങള്‍ക്കാണ് നിലവില്‍ സഹായധനം നല്‍കിയത്.

കിങ്‌സ് ഇലവന്‍ പഞ്ചാബിന്‍റെ ക്യാപ്റ്റന്‍ ആര്‍ അശ്വിന്‍, സി.ആര്‍.പി.എഫ് ഡി.ഐ.ജി വി.കെ കുന്ദല്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഈ സീസണില്‍ രാജസ്ഥാന്‍ റോയല്‍സ് ആണ് പഞ്ചാബിന്‍റെ ആദ്യ എതിരാളി. ജയ്പൂര്‍ സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ മാര്‍ച്ച് 25ന് പഞ്ചാബും രാജസ്ഥാനും ഏറ്റുമുട്ടും. മികച്ച ഒരുപിടി താരങ്ങളുമായാണ് പഞ്ചാബ് ഇത്തവണയും കളിക്കിറങ്ങുന്നത്.
