പുലിയന്നൂരിലെ റിട്ട. അധ്യാപികയുടെ കഴുത്തറുത്ത് കൊല: കൊലയാളി സംഘമെത്തിയ വാഹനം ഇപ്പോഴും അവ്യക്തം; പരിസരപ്രദേശത്തെ ഉല്‍സവം അക്രമികള്‍ക്ക്‌ തുണയായി

  • Post category:news
  • Reading time:2 mins read
You are currently viewing പുലിയന്നൂരിലെ റിട്ട. അധ്യാപികയുടെ കഴുത്തറുത്ത് കൊല: കൊലയാളി സംഘമെത്തിയ വാഹനം ഇപ്പോഴും അവ്യക്തം; പരിസരപ്രദേശത്തെ ഉല്‍സവം അക്രമികള്‍ക്ക്‌ തുണയായി

ചീമേനി(കാസര്‍കോട്): പുലിയന്നൂരിലെ റിട്ട. അധ്യാപിക ജാനകിയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയും ഭര്‍ത്താവ് കൃഷ്ണനെ പരുക്കേല്‍പിക്കുകയും ചെയ്ത അക്രമി സംഘം എത്തിയ വാഹനത്തെക്കുറിച്ച് പോലിസിന് ഒരുവിവരവും ലഭിച്ചില്ല. കണ്ണൂരില്‍ നിന്നുള്ള ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. കാസര്‍കോട് ജില്ലാ പോലിസ് മേധാവി കെ ജി സൈമണ്‍, കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി കെ ദാമോദരന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലിസ് സ്ഥലത്തെത്തി അന്വേഷണമാരഭിച്ചിട്ടുണ്ട്. അതേസമയം പരുക്കേറ്റ് മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കൃഷ്ണനെ ഓപ്പറേഷനു വിധേയമാക്കി. ബുധനാഴ്ച രാത്രി ഒന്‍പതുമണിയോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. പൊതാവൂര്‍ പുലിയന്നൂരിലെ പി.വി. ജാനകി(70), ഭര്‍ത്താവ് കളത്തേര കൃഷ്ണന്‍ മാസ്റ്റര്‍(80) എന്നിവര്‍ ഒറ്റയ്ക്കാണ് വീട്ടില്‍ താമസിച്ചിരുന്നത്. ടിവി കണ്ടുകൊണ്ടിരുന്ന ദമ്പതികള്‍ കോളിംഗ് ബെല്ലടിക്കുന്ന ശബ്ദം കേട്ട് വാതില്‍ തുറന്നത്. അപ്പോള്‍ മുഖംമൂടി ധരിച്ചിരുന്ന മൂന്നുപേര്‍ കൃഷ്ണനെ തള്ളിമാറ്റി അകത്തു കയറി. തുടര്‍ന്ന് സംഘത്തിലെ ഒരാള്‍ മലയാളത്തില്‍ അലമാരയുടെ താക്കോല്‍ ആവശ്യപ്പെട്ടു.

പണമൊന്നുമില്ലെന്ന് കൃഷ്ണന്‍ മാസ്റ്റര്‍ അറിയിച്ചതോടെ കട്ടിലില്‍ കൈകാലുകള്‍ ബന്ധിച്ച് കെട്ടിയിട്ട ശേഷം മുഖത്ത് സ്റ്റിക്കറും ഒട്ടിച്ചു. ബോധം കെടുത്താന്‍ മുഖത്ത് സ്‌പ്രേയും തളിച്ചു. പിന്നീട് സംഘം ജാനകിയോട് പണം ആവശ്യപ്പെട്ടു. കുറച്ചുപണമേ വീട്ടിലുള്ളുവെന്ന് അറിയിച്ചപ്പോള്‍ അതെടുത്ത് തരണമെന്ന് കത്തി നീട്ടി ഭീഷണിപ്പെടുത്തി. കത്തികണ്ട ജാനകി ബോധം കെട്ടുവീഴുകയായിരുന്നു. തുടര്‍ന്ന് അടുത്ത മുറിയില്‍ കൊണ്ടുപോയി കഴുത്തറുത്തു. അതുകണ്ട് നിലവിളിച്ച ഭര്‍ത്താവിനെ കുത്തിപ്പരിക്കേല്‍പിക്കുകയും ചെയ്തു. ഇതിനു ശേഷം വീട്ടിനകത്തെ 50,000 രൂപയും ദമ്പതികള്‍ ഇട്ടിരുന്ന മോതിരങ്ങളും മാലയും തട്ടിയെടുത്തു രക്ഷപ്പെടുകയായിരുന്നു. സംഘം പോയ ശേഷം ഒരുവിധം കെട്ടഴിച്ച കൃഷ്ണന്‍ തന്നെയാണ് പോലിസിനെ വിവരം അറിയിച്ചത്. അടുത്ത മുറിയിലുണ്ടായിരുന്ന ഭാര്യ ജാനകി മാരകമുറിവേറ്റ് അപ്പോഴേക്കും മരണപ്പെട്ടിരുന്നു. പോലിസെത്തിയാണ് കൃഷ്ണനെ പയ്യന്നൂരിലെ സഹകരണ ആശുപത്രിയിലും പിന്നീട് മംഗളൂരുവിലു0 എത്തിച്ചത്. സ്ഥലത്തെ അയ്യപ്പ ക്ഷേത്രത്തില്‍ ഉല്‍സവം നടക്കുന്നതിനാല്‍ പരിസരവാസികള്‍ അവിടെയായിരുന്നു. ഇത് അക്രമികള്‍ക്ക് അനുഗ്രഹമായി. ഈ തക്കത്തിലാണ് അക്രമികള്‍ എത്തിയത്. അക്രമികള്‍ മലയാളവും ഹിന്ദിയും സംസാരിച്ചിരുന്നുവെന്ന് കൃഷ്ണന്‍ മാസ്റ്റര്‍ പറയുന്നു. മക്കള്‍ വേറെയാണ് താമസം. ഇത് വ്യക്തമായി അറിയുന്ന ആള്‍ക്കാരായിരിക്കും സംഭവത്തിന് പിന്നിലെന്ന് പോലിസ് സംശയിക്കുന്നു. മക്കള്‍: മഹേഷ്, ഗീത (അധ്യാപിക, രാമന്തളി ചിതംബരനാഥ് യു.പി സ്‌കൂള്‍), മനോജ് കുമാര്‍ (പ്രഫസര്‍,പട്ടാമ്പി ആയുര്‍വേദ കോളജ്), പ്രീത (തിരുവനന്തപുരം).

0Shares