കാസര്‍കോട്: ചീമേനി പുലിയന്നൂരിലെ റിട്ട. അധ്യാപിക പി വി ജാനകിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ അന്വേഷണം കൂടുതല്‍ വഴിത്തിരിവിലേക്ക്. അന്വേഷണം ബന്ധുക്കളിലേക്കും. കണ്ണൂര്‍ റേഞ്ച് ഐ ജി മഹിപാല്‍ യാദവ് സംഭവസ്ഥലത്ത് ക്യാമ്പ് ചെയ്താണ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്നത്. കൊല നടന്ന ദിവസം ചീമേനിയിലെത്തിയിരുന്ന ഐ.ജി സ്ഥിതിഗതികള്‍ വിലയിരുത്തുകയും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്കി തിരിച്ചുപോവുകയും ചെയ്തിരുന്നു. തിങ്കളാഴ്ച വൈകുന്നേരത്തോടെ ഐ.ജി വീണ്ടുമെത്തി. കൊലപാതകത്തിലേക്ക് വെളിച്ചം വീശുന്ന നിര്‍ണായകമായ വിവരങ്ങള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഐ ജി സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നത്. കൊലപാതകവുമായി ബന്ധമുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ മൂന്നുപേരെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തു. ഇവരില്‍ നിന്നും വിലപ്പെട്ട പല വിവരങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്. എറണാകുളത്തു താമസിക്കുന്ന അടുത്ത ബന്ധുവിനെയും ചോദ്യം ചെയ്തിട്ടുണ്ട്. രഹസ്യകേന്ദ്രത്തില്‍ വച്ചാണ് മണിക്കൂറുകളോളം പോലീസ് ചോദ്യം ചെയ്തത്. ഇദ്ദേഹം പലതവണ പണത്തിനായ് ഇവരെ സമീപിച്ചതായണ് വിവരം.
അന്യമതക്കാരനായതിനാല്‍ വീട്ടുകാരുമായി അത്രഅടുപ്പത്തിലായിരുന്നില്ല. എന്നാല്‍ അടുത്തകാലത്തായി ഇയാള്‍ കുടുംബത്തെ സ്ഥിരമായി ശല്യം ചെയ്തിരുന്നു. ഇതോടെ ഘാതകസംഘത്തെക്കുറിച്ചുള്ള സൂചനകള്‍ പോലീസിന് ലഭിച്ചുവെന്നാണ് കരുതുന്നത്. ജാനകിയെ കൊലപ്പെടുത്തിയത് അന്യസംസ്ഥാനക്കാരല്ലെന്നും മലയാളികളാണെന്നുമുള്ള നിഗമനത്തിലാണ് ഇപ്പോള്‍ പോലീസ് അന്വേഷണം മുന്നോട്ടുപോകുന്നത്. കാഞ്ഞങ്ങാട് ഡി.വൈ എസ് പി കെ ദാമോദരന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. അതേസമയം ആരും കസ്റ്റഡിയിലില്ലെന്നും അന്വേഷണത്തില്‍ പുരോഗതിയുമുണ്ടെന്ന് ജില്ലാ പോലിസ് ചീഫ് കെ.ജി സൈമണ്‍ മാധ്യമങ്ങളെ അറിയിച്ചു. കൊട്ടേഷന്‍ സംഘമാണെന്ന കാര്യം ഇതുവരേയും സ്ഥിരീകരിച്ചിട്ടില്ല. ക്രൈംബ്രാഞ്ചും പോലിസും സംയുക്തമായാണ് അന്വേഷണം നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജാനകിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയപ്പെടുത്തിയ ശേഷം 25 പവന് സ്വര്‍ണാഭരണങ്ങളും ഒന്നരലക്ഷം രൂപയുമാണ് കവര്‍ന്നത്.
