കാസര്‍കോട്: സോമവതി ടീച്ചര്‍ ഇനി വേദനകളില്ലാത്ത ലോകത്ത്. ജില്ലയിലെ മികച്ച അങ്കനവാടി വര്‍ക്കര്‍ക്കുള്ള സംസ്ഥാന പുരസ്‌കാരം ഏറ്റുവാങ്ങാനാവാതെയാണ് ടീച്ചര്‍ യാത്രയായത്. ചൊവ്വാഴ്ച രാവിലെയാണ് മുള്ളേരിയ പതിനേഴാംമൈല്‍ സ്വദേശിനി സോമവതി മരണപ്പെട്ടത്. രണ്ടുവര്‍ഷം മുമ്പ് പിടിപെട്ട അര്‍ബുദത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. രോഗം പിടിപെട്ടതറിഞ്ഞിട്ടും തളരാതെ കുട്ടികളുടെ ലോകത്തായിരുന്നു അവര്‍. മംഗളൂരുവിലും ചെന്നൈയിലും അടക്കം നിരവധി സ്ഥലങ്ങളില്‍ ചികില്‍സനടത്തിയിട്ടും ഫലമുണ്ടായില്ല.
അസുഖം മൂര്‍ഛിച്ചതിനേ തുടര്‍ന്ന് രണ്ടുമാസമായി കിടപ്പിലായിരുന്നു. രോഗശയ്യക്കിടേയാണ് ടീച്ചറെ തേടി അംഗീകാരമെത്തിയത്. ഇതേ തുടര്‍ന്ന് അധികൃതര്‍ വീട്ടിലെത്തിച്ച് സോമവതിയെ അനുമോദിച്ചിരുന്നു. പാട്ടുപാടിയും കൂട്ടുകൂടിയും കുഞ്ഞുമനസുകളിലേക്ക് അറിവ് പകര്‍ന്ന നാവുങ്കല്‍ കട്ട അങ്കനവാടി ഇന്ന് ശോകമൂകമായി. അവിവാഹിതയായിരുന്നു. പിതാവ്: മഞ്ച, മാതാവ്: മുള്ളി. സഹോദരങ്ങള്‍: കരിയന്‍, വിശ്വനാഥ, സോമശേഖര മാസ്റ്റര്‍, ഭാഗീരഥി, സുന്ദരി, രത്ന.
