പുത്തന്‍ അനുഭവങ്ങള്‍ പകരാന്‍ ഗദ്ദിക ശനിയാഴ്ച തുടങ്ങും; വിവധ ചികിത്സാരീതികളുടെയും പ്രദര്‍ശനവും വിപണനവും ലക്ഷ്യം

  • Post category:news
  • Reading time:1 min read
You are currently viewing പുത്തന്‍ അനുഭവങ്ങള്‍ പകരാന്‍ ഗദ്ദിക ശനിയാഴ്ച തുടങ്ങും; വിവധ ചികിത്സാരീതികളുടെയും പ്രദര്‍ശനവും വിപണനവും ലക്ഷ്യം

കാസര്‍കോട്: വടക്കന്‍ മലബാറിനും കാസര്‍കോടിനും പുതു അനുഭവങ്ങള്‍ പങ്കുവയ്ക്കാന്‍ ഇതുവരെ രുചിക്കാത്ത പരമ്പരാഗത വംശീയ ഭക്ഷണങ്ങളും വിസ്മയ കാഴ്ചകളും ആവിക്കുളി പോലുള്ള പരമ്പരാഗത ചികിത്സകളുമായി ഗദ്ദിക 2018 ന് ശനിയാഴ്ച തുടക്കമാകും. പട്ടികജാതി- പട്ടികവര്‍ഗ വികസന വകുപ്പിന്റെയും കിര്‍ടാഡ്‌സിന്റെയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി. ഈമാസം 30 വരെ പിലിക്കോട് ഗ്രാമപഞ്ചായത്ത് മൈതാനിയില്‍ നടക്കുന്ന ഗദ്ദിക സാംസ്‌ക്കാരിക പ്രദര്‍ശന വിപണനമേളയുടെ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലെത്തിയതായി എം.രാജഗോപാലന്‍ എം.എല്‍.എ പറഞ്ഞു. പട്ടികജാതി ഗോത്ര വിഭാഗങ്ങളുടെ ദൈവീകവും വംശീയവുമായ കലാ സംസ്‌കൃതികളുടെയും കരകൗശല വൈവിധ്യങ്ങളുടെയും തനത് അറിവുകളുടെയും ഭക്ഷണങ്ങളുടെയും ചികിത്സാരീതികളുടെയും പ്രദര്‍ശനവും വിപണനവും ലക്ഷ്യമാക്കിയാണ് ഗദ്ദിക സംഘടിപ്പിക്കുന്നത്. സംസ്ഥാന തലത്തില്‍ നടക്കുന്ന ഗദ്ദിക കാസര്‍കോട് ജില്ല ആദ്യമായാണ് ആതിഥ്യമരുളുന്നത്. ഒന്‍പതു ദിവസങ്ങളിലായി നൂറോളം സ്റ്റാളുകളും നൂറു കണക്കിനു കലാകാരന്‍മാരും അണിനിരക്കുന്ന മേളയ്ക്കാണ് അരങ്ങൊരുങ്ങുന്നത്. ശനിയാഴ്ച പട്ടികജാതി പട്ടികവര്‍ഗ സാംസ്‌കാരിക മന്ത്രി എ.കെ ബാലന്‍ പരിപാടി ഉദ്ഘാടനം ചെയ്യും. റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിക്കും. കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കുഞ്ഞിക്കണ്ണന്‍, പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി ശ്രീധരന്‍, മന്ത്രി എ.കെ ബാലന്റെ അഡീ.പ്രൈവറ്റ് സെക്രട്ടറി കെ.പത്മരാജന്‍, ജില്ലാ പട്ടിക വികസന ഓഫീസര്‍ എസ്.മീനാറാണി, ട്രൈബല്‍ ഡെവലപ്പ്മെന്റ് ഓഫീസര്‍ പി.ടി അനന്തകൃഷ്ണന്‍, ചീഫ് പബ്ലിസിറ്റി ഓഫീസര്‍ എസ.എന്‍ നന്ദകുമാര്‍ തുടങ്ങിയവരും എം.എല്‍.എയ്ക്കൊപ്പം ഉണ്ടായിരുന്നു.

0Shares