കാസര്‍കോട്: ദേവചൈതന്യങ്ങള്‍ തുടിക്കുന്ന കൊളത്തൂര്‍ പെര്‍ളടുക്കം പ്രദേശത്ത് പുതുതായി പണിതീര്‍ത്ത ഗോപാലകൃഷ്ണക്ഷേത്രത്തില്‍ പ്രതിഷ്ഠാ ബ്രഹ്മകലശ മഹോത്സവത്തിന് വന്‍ ഭക്തജനത്തിരക്ക്. ഈ മാസം 26 വരെ ഏഴ് ദിവസങ്ങളിലായാണ് മഹോല്‍സവം നടക്കുന്നത്. ബ്രഹ്മശ്രീ ഇരവില്‍ കേശവ തന്ത്രികള്‍, ബ്രഹ്മശ്രീ കേശവന്‍ അഞ്ഞനംതൊടി തായര്‍ എന്നിവരുടെ മുഖ്യകാര്‍മികത്വത്തിലാണ് ആചാരാഘോഷ പരിപാടികള്‍ നടക്കുന്നത്. ചരിത്രവും ഐതീഹ്യവും ഇഴപിരിക്കാനാവാത്തവിധം ധന്യസ്മൃതിയുള്ള ദേശമാണ് പെര്‍ളടുക്കം. തൃക്കണ്ണാലപ്പന്റെയും കരിച്ചേരി വിളക്കുമാടത്തപ്പന്റെയും ചൈതന്യധാരയില്‍ നിലകൊള്ളുന്ന നാടാണിത്. യോഗീശ്വരന്മാര്‍ തപം ചെയ്ത പുണ്യഭൂമിയാണ്
ഇവിടെ കാണുന്ന മുനിയിരിക്കുന്ന കല്ലും ഗുഹാമുഖങ്ങളും മുനിയറകളും ഇന്നും ഒരു കോട്ടവും തട്ടാതെ നിലനില്‍ക്കുന്നു. ഗോപാലകൃഷ്ണ ഭഗവാന്റെ ദിവ്യചൈതന്യം കുടികൊള്ളുന്ന മണ്ണാണ് പെര്‍ളടുക്കമെന്ന് ഭക്തര്‍ വിശ്വസിക്കുന്നു. ചൊവ്വാഴ്ച രാവിലെ ഒണ്ടാംപുളിക്കല്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍നിന്നും ആരംഭിച്ച കലവറ നിറയ്ക്കല്‍ ഘോഷയാത്രയോടെ ഉല്‍സത്തിന് തുടക്കമായി. തുടര്‍ന്ന് വൈകുന്നേരം വിഗ്രഹങ്ങളുടെ ഘോഷയാത്രയും താന്ത്രികള്‍ക്കു വരവേല്‍പ്പും ഭദ്രദീപം കൊളുത്തലും നടന്നു. ബുധനാഴ്ച പുലര്‍ച്ചെ വിവിധ പൂജകള്‍, യോഗീശ്വര മണ്ഡപത്തില്‍ ദീപപ്രതിഷ്ഠ, സരൈ്വശ്വര്യ വിളക്കുപൂജകളും നടന്നു. വ്യാഴാഴ്ച പുലര്‍ച്ചെ മുതല്‍ വിവിധ പൂജകളും വൈകുന്നേരം വാസ്തുപൂജകളും നടന്നു.
വെള്ളിയാഴ്ച പുലര്‍ച്ചെ വിവിധ പൂജകളും വൈകുന്നേരം പ്രധാനദേവന്റെ ബിംബ പരിഗ്രഹം, അക്ഷതഹോമം തുടങ്ങിയവ നടക്കും. രാത്രി വിവിധകലാ പരിപാടികളും നടക്കും. ശനിയാഴ്ച പുലര്‍ച്ച മുതല്‍ വിവിധ പൂജകള്‍ നടക്കും. ഉച്ചയ്ക്ക് നടക്കുന്ന സാംസ്‌കാരികസമ്മേളനം റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ക്ഷേത്രാചാരങ്ങളും അനുഷ്ഠാനങ്ങളും എന്ന വിഷയത്തില്‍ മലപ്പുറം, വണ്ടൂര്‍ ശ്രീശങ്കര ആശ്രമം ശ്രീമദ് പരമാനന്തപുരി ആധ്യാത്മിക പ്രഭാഷണം നടത്തും. തുടര്‍ന്ന് വിവിധ പൂജകള്‍ നടക്കും. രാത്രി കലാപരിപാടികളും ഉണ്ടാകും.
25ന് ഞായറാഴ്ച പുലര്‍ച്ചെ വിവിധ പൂജകളും തുടര്‍ന്ന് പ്രതിഷ്ഠാപാണി, ബിംബങ്ങള്‍ എഴുന്നള്ളിക്കല്‍, കര്‍ക്കരി പരിഷേകം, ബിംബത്തില്‍ പരാവാഹന, അവസ്ഥാവാഹന, മൂലാവാഹന, തുടങ്ങിയ കര്‍മങ്ങളും നടക്കും. തുടര്‍ന്ന് 6.50 മുതല്‍ 7.50 വരെ മകീര്യം നക്ഷത്രം 4 -ആം കാലില്‍ കുംഭം രാശി ശുഭമുഹൂര്‍ത്തത്തില്‍ ഗോപാലകൃഷ്ണന്റെ ബിംബ പ്രതിഷ്ഠയും തുടര്‍ന്ന് ഗണപതിയുടെയും ആദിത്യാദിനവഗ്രഹങ്ങളുടെയും പ്രതിഷ്ഠയും വിവിധ പൂജകളും കലശാഭിഷേകങ്ങളും നടക്കും. രാത്രി കലാപരിപാടികളും ഉണ്ടാകും. 26ന് പുലര്‍ച്ചെ നടതുറക്കല്‍, അഭിഷേകങ്ങള്‍, 108 തേങ്ങ കൊണ്ടുള്ള മഹാഗണപതിഹോമം. ഇന്ദ്രാദിദിക്പാലകന്മാരുടെ പ്രതിഷ്ഠ, മാതൃക്കല്‍ പ്രതിഷ്ഠ,നിര്‍മാല്യധാരി പ്രതിഷ്ഠ, വലിയ ബലിക്കല്‍ പ്രതിഷ്ഠ, പൂജകള്‍ തുടങ്ങിയവ നടക്കും. ഉപദേവന്മാരുടെ കലശാഭിഷേകം അകത്തേക്ക് എഴുന്നള്ളിക്കും. തുടര്‍ന്ന് തായമ്പക, ദീപാരാധന, അത്താഴപൂജ, ശ്രീ ഭൂതബലി എഴുന്നള്ളത്ത്, നൃത്തോത്സവം കരിമരുന്ന് പ്രയോഗം എന്നിവയോടെ ആഘോഷപരിപാടികള്‍ സമാപിക്കും. ആഘോഷപരിപാടികള്‍ക്ക് എത്തുന്ന ഭക്തര്‍ക്ക് എല്ലാ ദിവസങ്ങളിലും അന്നദാനം നല്‍കുന്നുണ്ട്.
പുതുതായി പണിതീര്‍ത്ത പെര്‍ളടുക്കം ഗോപാലകൃഷ്ണ ക്ഷേത്രത്തില്‍ വന്‍ ഭക്തജനത്തിരക്ക്; പ്രതിഷ്ഠാ ബ്രഹ്മകലശ മഹോത്സവം 26നു സമാപിക്കും