കാസർകോട് : പൈവളിഗെ ചേവാറിൽ വ്യാപാരി കൊല്ലപ്പെട്ട സംഭവം പോലീസ് അന്വഷണം ഊർജിതമാക്കി. വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു ജി.കെ ജനറല്‍ സ്‌റ്റോര്‍ ഉടമ രാമകൃഷ്ണ മല്യ (52) കടയിൽ വെച്ച് അതിക്രൂരമായി കൊലചെയ്യപ്പെട്ടത്. കാറിലെത്തിയ സംഘമായിരുന്നു വ്യാപാരിയെ കൊലപ്പെടുത്തിയത്. മോഷണ കേസുകളിലെ പ്രതികളാണ് അക്രമത്തിന് പിന്നിലെന്നാണ് പോലീസിന് ലഭിച്ച പ്രാഥമിക വിവരം. കറുത്ത കാറിലാണ് നാലുപേരടങ്ങുന്ന സംഘം കടയിലെത്തി കൊലപാതകം നടത്തിയത്. ശബ്ദം കേട്ട് ആളുകള്‍ ഓടിയെത്തിയപ്പോഴേക്കും അക്രമികള്‍ കാറില്‍ തന്നെ രക്ഷപ്പെടുകയായിരുന്നു. ഇവര്‍ പ്രതികളായ ചില മോഷണ കേസുകളെ കുറിച്ച് കൊല്ലപ്പെട്ട രാമകൃഷ്ണ മല്യ പോലീസിന് വിവരം നല്‍കിയതിന്റെ സംശയമാകാം കൊലയ്ക്ക് കാരണമെന്നാണ് സംശയിക്കുന്നത്. കൊലപാതക വിവരം അറിഞ്ഞ് ജില്ലാ പോലീസ് ചീഫ് കെ.ജി സൈമണ്‍, ഡി.വൈ.എസ്.പി എം.വി സുകുമാരന്‍, കുമ്പള സി.ഐ വി.വി മനോജ്, എസ്.ഐ ജയശങ്കര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തിയിരുന്നു. മൃതദേഹം ഇന്‍ക്വസ്റ്റിന് ശേഷം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരത്തേക്ക് കൊണ്ടുപോകാനാണ് സാധ്യത.

പുതിയ വീട് പണികഴിപ്പിച്ചുവെച്ച രാമകൃഷ്ണ മല്യ ഇതിന്റെ ഗൃഹപ്രവേശന തിരക്കിലായിരുന്നു. ഈ മാസം 29 നായിരുന്നു ഗൃഹപ്രവേശ തിയതി നിശ്ച്ചയിചിരുന്നത്. ഈ ആഗ്രഹം ബാക്കിവെച്ചുകൊണ്ടാണ് അക്രമികളാൽ കൊലചെയ്യപ്പെട്ടത്. കുമ്പള പോലീസ് സ്റ്റേഷൻ പരിധിയിൽ നാലു ദിവസത്തിനുള്ളില്‍ ഇത് രണ്ടാമത്തെ കൊലപാതകമാണ് ഉണ്ടായിരിക്കുന്നത്. ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് ഇക്കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് പെര്‍വാട്ടെ അബ്ദുല്‍ സലാമി(32)നെ തല വെട്ടി മാറ്റി കൊലപ്പെടുത്തിയതെങ്കിൽ വ്യാപാരിയെ കൊലപ്പെടുത്തിയത് എന്ത് വിരോധത്തിന്റെ പേരിലാണെന്ന് വെക്തമാകേണ്ടതുണ്ട്.