എഡിറ്റോറിയല്‍: ഇന്ത്യയിലെ മറ്റെല്ലാ സംസ്ഥാനങ്ങളില്‍ നിന്നും പല നിലകളില്‍ വ്യത്യസ്തമാണ് കേരളം. പ്രബുദ്ധതയിലും സാക്ഷരതയിലും പുരോഗമന ചിന്തകളിലും കലാ സാഹിത്യ സാംസ്‌കാരിക മേഖലകളിലെ നേട്ടങ്ങളുടെ പേരിലും മലയാളക്കര ഇതര സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണ്. ലോക തലത്തില്‍ തന്നെ വിവിധ രംഗങ്ങളില്‍ ശ്രദ്ധയും പ്രശംസയും പിടിച്ചു പറ്റിയ നാടാണ് കേരളം. ‘ കേരളമെന്നു കേട്ടാല്‍ അഭിമാനപൂരിതമാകണം അന്തരംഗം’ എന്നാണ് മഹാകവി വള്ളത്തോള്‍ പാടിയതും നമ്മള്‍ ഏറ്റുപാടിയതും. മലയാളിയുടെ സാന്നിധ്യമില്ലാതെ ഈ ഭൂമുഖത്ത് ഒരു രാജ്യവുമുണ്ടാകില്ല. ലോകത്തിന്റെ നെറുകയിലേക്ക് കയറിപ്പോയ അനേകം അതി പ്രശസ്തരായ മലയാളികള്‍ക്ക് ജന്മം നല്‍കിയ നാടാണ് കേരളക്കര. മഹത്തായ പൈതൃകവും പാരമ്പര്യവും ഉദാപ്ത്തമായ സംസ്‌കൃതിയുമുള്ള ഈ സംസ്ഥാനത്തിന്റെ ചരിത്രം അങ്ങേയറ്റം ആവേശവും അഭിമാനവും പകരാന്‍ പോന്നതാണ്. ദൈവത്തിന്റെ സ്വന്തം നാട്( ഗോഡ്‌സ് ഔണ്‍ കണ്‍ട്രി) എന്നാണ് കേരളം ആഗോളതലത്തില്‍ അറിയപ്പെടുന്നത്. ഒരുകാലത്ത് നന്മകളാല്‍ സുഗന്ധം നിറഞ്ഞൊഴുകുന്ന ഒരു ഭൂമികയായിരുന്നു നമ്മുടെ കേരളം. സ്‌നേഹത്തിനും സമത്വത്തിനും നന്മകള്‍ക്കും കേളികേട്ട മഹാബലി നാടുവാണ കേരളത്തില്‍ മനുഷ്യ ബന്ധങ്ങള്‍ അത്രമേല്‍ കെട്ടുറപ്പുള്ളതായിരുന്നു. ജാതി മതാതീതമായ സൗഹാര്‍ദവും ഒരുമയും പരസ്പര വിശ്വാസവും ഏറ്റവും സൗന്ദര്യം ചൊരിഞ്ഞു കൊണ്ട് ഈ മണ്ണ് ഇന്ത്യക്കാകെ മാതൃകയായിരുന്നു. വിശ്വ പ്രശസ്തരായ അനേകം പ്രതിഭാ ശാലികള്‍, ചരിത്ര പുരുഷന്മാര്‍, നവോത്ഥാന നായകര്‍- ഇവരെല്ലാരും ചേര്‍ന്ന് കേരളത്തെ മഹത്തായ നാടാക്കിമാറ്റി.

ഇതെല്ലാം നമുക്കിപ്പോള്‍ വെറും പഴങ്കഥ മാത്രം. ‘സാക്ഷര കേരളം സുന്ദര കേരളം’ എന്ന് ആകാശം മുട്ടെ വിളിച്ച് പറഞ്ഞ് സന്തോഷവും ആവേശവും അഭിമാനവും വാരിച്ചൂടിയ നമ്മുടെ നാട് ഇന്ന് അക്ഷരാര്‍ത്ഥത്തില്‍ ‘പീഡനകേരള’മായി മാറിയിക്കുന്നു. ധാര്‍മ്മികമായ അധ:പ്പതനത്തിന്റെ ആഴങ്ങളിലാണ് മലയാളി സമൂഹം ഇന്ന് ജീവിക്കുന്നത്. കുടുംബ ബന്ധങ്ങളെയും മനുഷ്യ ബന്ധങ്ങളേയും നാം നിര്‍ദയം പിച്ചിചീന്തിയിരിക്കുന്നു. സ്ത്രീകളെ ഇത്രമാത്രം ചവിട്ടി താഴ്ത്തിയ ഒരു കാലഘട്ടം കേരളത്തിന്റെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ല.സ്ത്രീപീഡനങ്ങളുടെ വാര്‍ത്തകളില്ലാത്ത ഒരു ദിവസവും ഇല്ല എന്നുള്ളതാണ് പരമാര്‍ത്ഥം. പത്രദൃശ്യ മാധ്യമങ്ങളില്‍ പീഡനങ്ങളെ കുറിച്ചുള്ള വാര്‍ത്തകള്‍ മാത്രം. കുരുന്നു പെണ്‍കുട്ടികള്‍ പോലും നിര്‍ദാക്ഷിണ്യം മാനഭംഗപ്പെടുന്ന ദുരവസ്ഥ. സത്രീകള്‍ക്ക് വഴി നടക്കാന്‍പോലും സാധിക്കാത്ത രീതിയിലേക്ക് കേരളീയ സമൂഹം അധ;പതിച്ചിരിക്കുന്നു. നീതിയും നിയമവും നിഷ്ഫലമാവുന്ന ദുരന്ത ചിത്രം. കേരളത്തിന്റെ മന:സാക്ഷിയെ പിടിച്ചുലച്ച എത്രയെത്ര പീഡന സംഭവങ്ങള്‍?. ദൈവത്തിന്റെ സ്വന്തം നാട് ഇപ്പോള്‍ ചെകുത്താന്റെ സ്വന്തം നാടായി മാറി എന്നതാണ് വാസ്തവം. ഗോവിന്ദച്ചാമി കൊലപ്പെടുത്തിയ സൗമ്യയും പെരുമ്പാവൂരിലെ ജിഷയും മുതല്‍ കഴിഞ്ഞ ദിവസം പോയ് മറഞ്ഞ മിഷേല്‍ വരെ നീളുന്ന ആ പട്ടികയില്‍ എത്രയെത്ര ഹതഭാഗ്യര്‍. ഒറ്റവാക്കില്‍ പറഞ്ഞാല്‍ ക്രമിനലുകളുടെ പറൂദിസയായി മാറിക്കഴിഞ്ഞു കേരളം. ഈ രീതിയില്‍ പോയാല്‍ നാളെ ‘പ്രബുദ്ധ’ കേരളം എന്തായി മാറുമെന്ന് ഓര്‍ത്ത് നോക്കൂ. മലയാളിയുടെ നന്മകളെല്ലാം മാഞ്ഞു പോവുകയാണോ?.കേരളത്തെ പരശുരാമന്‍ മഴുവെറിഞ്ഞ് കടലില്‍ നിന്ന് വീണ്ടെടുത്തു എന്നാണ് കഥ. കേരളം ധാര്‍മ്മികമായ വിനാശത്തിന്റെ ആഴക്കടലില്‍ എത്തി നില്‍ക്കുമ്പോള്‍ നമ്മെ മോചിപ്പിക്കാന്‍ ഇനി ഏത് പരശുരാമനാണ് സാധിക്കുക?. വര്‍ത്തമാനകാല കേരളത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ നമ്മുടെ ശിരസ്സ് ലജ്ജകൊണ്ട് കുനിയുന്നു. കാരണം ഇത് പീഡന കേരളമാണ്…