കാസര്‍കോട്: പീഡനശ്രമത്തിനിടെ ഭര്‍തൃമതി ഓട്ടോയില്‍ നിന്നും ചാടിയ സംഭവത്തില്‍ പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചത് നിരപരാധിയെ. കാങ്കോല്‍ സ്വാമിമുക്ക് മുരുങ്ങാട്ട് കോളനിയില്‍ അഞ്ചില്ലത്ത് ഹൗസില്‍ ഷാജഹാന്റെ മകന്‍ എ ജി ഷാനവാസാ(21)ണ് കേസില്‍ കോടതി നിരപരാധിയെന്ന് കണ്ടെത്തിയത്. കേരള പോലിസിന് നാണക്കേടുണ്ടാക്കിയ ചന്തേര പോലിസ് അധികൃതരുടെ നടപടിക്കെതിരേ പരക്കെ പ്രതിഷേധം ഉയരുന്നു. ക്രൈം ഡിറ്റാച്ച്മെന്റ് ഡി.വൈ.എസ്.പി എം പ്രദീപ് കുമാര്‍ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പിച്ച റിപ്പോര്‍ട്ടിലാണ് യുവാവ് നിരപരാധിയെന്ന് വ്യക്തമാക്കിയത്. കഴിഞ്ഞ നവംബര്‍ 24ന് ഉച്ചക്ക് 2.15 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പിലിക്കോട് സ്വദേശിനിയായ യുവതിയെ ഓട്ടോയില്‍ പോകുമ്പോള്‍ പീഡിപ്പിക്കാന്‍ ശ്രമം നടത്തിയെന്നാണ് പരാതി. സ്വകാര്യ ഓട്ടോറിക്ഷ കയറിയ യുവതിയെ പടുവളം വില്ലേജ് ഓഫീസിന് സമീപമെത്തിയപ്പോള്‍ ഓട്ടോ ഡ്രൈവര്‍ പിറകിലേക്ക് കൈയ്യിട്ട് പീഡിപ്പിക്കാന്‍ ശ്രമിച്ചതായും രക്ഷപ്പെടാനായി ഓട്ടോയില്‍നിന്നും ചാടിയപ്പോള്‍ റോഡില്‍ വീണ് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തുവെന്നാണ് കേസ്. ചന്തേര സ്‌കൂളിലെ പിടിഎ യോഗത്തില്‍ പങ്കെടുക്കാനായി പോവുകയായിരുന്നു യുവതി. തുടര്‍ന്ന് അന്വേഷണം നടത്തിയ ചന്തേര പോലീസ് യുവാവിനെ അറസ്റ്റു ചെയ്യുകയും കോടതി റിമാന്‍ഡ് ചെയ്യുകയുമായിരുന്നു.
അതേസമയം നിരപരാധിയായ തന്റെ സഹോദരനെ പോലീസ് കള്ളക്കേസില്‍ കുടുക്കിയതാണെന്നും കാട്ടി സഹോദരി റുബീന വാര്‍ത്താസമ്മേളനം നടത്തിയിരുന്നതോടെ സംഭവത്തിന് വഴിത്തിരിവായി. സംഭവ സമയത്ത് ഷാനവാസ് പരിയാരം മെഡിക്കല്‍ കോളജില്‍ പല്ലിന് റൂട്ട് കനാല്‍ ചെയ്യാനായി പോയിരുന്നുവെന്നും പോലീസ് ചില സമ്മര്‍ദത്തെ തുടര്‍ന്ന് ഷാനവാസിനെ അറസ്റ്റു ചെയ്യുകയായിരുന്നുവെന്ന് പിതാവും പരാതിപ്പെട്ടതോടെ പോലിസ് പ്രതികൂട്ടിലായി. സംഭവം വിവാദമായതോടെ മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദേശ പ്രകാരം കാസര്‍കോട് ജില്ലാ പോലീസ് മേധാവിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ ക്രൈം ഡിറ്റാച്ച്മെന്റ് ഡിവൈഎസ്പിയെ അന്വേഷണ ചുമതല ഏല്‍പിച്ചു. പരിയാരം മെഡിക്കല്‍ കോളേജിലെ മൂന്ന് നിരീക്ഷണ ക്യാമറകള്‍ അന്വേഷണ സംഘം പരിശോധിച്ചു. ആശുപത്രി രേഖകളും ഡോക്ടറുടെ മൊഴിയും രേഖപ്പെടുത്തി. സംഭവ ദിവസം ഉച്ചക്ക് മൂന്നു മണിവരെ ഷാനവാസ് പരിയാരം മെഡിക്കല്‍ കോളേജിലെ ദന്തവിഭാഗത്തില്‍ റൂട്ട് കനാല്‍ ചികിത്സ നടത്തിവരികയായിരുന്നുവെന്നും വ്യക്തമായി. ഇതോടെ യുവാവ് കുറ്റക്കാരനല്ലെന്ന് ക്രൈം ഡിറ്റാച്ച്മെന്റ് അന്വേഷണം സംഘത്തിന് വ്യക്തമാവുകയും പിന്നീട് കോടതിക്ക് റിപോര്‍ട്ട് നല്‍കുകയുമായിരുന്നു. ചന്തേര പോലീസിന്റെ അന്വേഷണത്തിലെ കുറ്റകരമായ അനാസ്ഥയും കോടതി അറിയിച്ചതോടെ ചന്തേര പോലീസ് പ്രതിക്കൂട്ടിലായിരിക്കുകയാണ്.
പീഡനശ്രമത്തിനിടെ ഭര്‍തൃമതി ഓട്ടോയില്‍ നിന്നും ചാടി; പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചത് നിരപരാധിയെ; കേരളപോലിസിന് നാണക്കേടുണ്ടാക്കി ചന്തേര പോലീസ്