
“രാജീവ് എം.പി. സ്ഥാനം ഒഴിയുന്നതോടെ ഞങ്ങളുടെ പണി എളുപ്പമാകും. കാരണം ഏതു സർക്കാരിനെയും അദ്ദേഹം മുള്ളേൽ നിർത്തും. എല്ലാ ദിവസവും ഒന്നല്ലെങ്കിൽ മറ്റൊരു പോയിന്റ് അദ്ദേഹത്തിനു സഭയിൽ ഉന്നയിക്കാനുണ്ടാകും. ഞങ്ങളെല്ലാം അദ്ദേഹത്തിൽ നിന്നേറെ പഠിച്ചിട്ടുണ്ട്.”
പറയുന്നത് ഇന്ത്യയുടെ ധനകാര്യമന്ത്രി, ബി.ജെ.പി. നേതൃത്വം കൊടുക്കുന്ന എൻ.ഡി.എ. സർക്കാരിലെ പ്രധാനി അരുൺ ജെയ്റ്റ്ലി.
“സി.പി.എം ജനറൽ സെക്രട്ടറിയോട് എനിക്കൊരഭ്യർഥനയുണ്ട്. നിങ്ങളുടെ പാർട്ടിക്ക് കിട്ടുന്ന അടുത്ത അവസരത്തിൽത്തന്നെ രാജീവിനെ പാർലമെന്റിലെത്തിക്കണം. അദ്ദേഹം ഒരു സർവവിജ്ഞാനകോശമാണ്. അദ്ദേഹം സഭയിലുള്ളപ്പോൾ സഭയുടെ നിയമാവലി തുറന്നുനോക്കേണ്ട ആവശ്യമില്ല.”- ഗുലാംനബി ആസാദ് (രാജ്യസഭാ പ്രതിപക്ഷനേതാവ്. കോൺഗ്രസ്)

“പി.രാജീവ് സഭയിൽ വളരെക്കുറച്ച് മാത്രമേ ഹാജരാകാതിരിക്കൂ. വ്യക്തമായി പഠിച്ച് അദ്ദേഹം ഉന്നയിച്ചതെല്ലാം സാധാരണക്കാരുടെ പ്രശ്നങ്ങളായിരുന്നു. ഒരിക്കൽക്കൂടി നിങ്ങളുടെ പാർട്ടിയിൽ നിന്ന് അദ്ദേഹത്തെ സഭയിലെത്തിക്കുവാൻ ഞാൻ യെച്ചൂരിയോടപേക്ഷിക്കുകയാണ്” – ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി, ബി.എസ്.പി. നേതാവ് മായാവതി.
കാലാവധി പൂർത്തിയാക്കുന്ന ഒരംഗത്തെ തിരിച്ചെത്തിക്കണമെന്ന് രാഷ്ട്രീയഭേദമെന്യേ, സംസ്ഥാന അതിർത്തികൾക്കതീതമായി ഒരു സഭ മുഴുവൻ ഒറ്റക്കെട്ടായി ആവശ്യപ്പെടുന്നത് ഇന്ത്യൻ ജനാധിപത്യചരിത്രത്തിൽ ആദ്യമായിരിക്കും. കാരണം വളരെ ലളിതമാണ്. നൽകിയിരിക്കുന്ന ഗ്രാഫുകളിലൂടെ ഒന്നു കണ്ണോടിച്ചാൽ മതി. ഒരേ മണ്ഡലത്തിൽ നിന്നുള്ള രണ്ട് എം.പി.മാരുടെ ഇടപെടലുകൾ. ഒരാൾ എല്ലാ മാനദണ്ഡങ്ങളിലും ദേശീയ ശരാശരിയെക്കാൾ മുകളിൽ. മറ്റേയാൾ വളരെ താഴെ. ഒരേ മണ്ഡലമാണ്. പക്ഷേ രണ്ടു രാഷ്ട്രീയങ്ങൾക്കിടയിലുള്ള ആഴമേറിയ വിടവ് പതിഞ്ഞു കിടക്കുന്നുണ്ട് ഈ ഗ്രാഫുകളിൽ. കൂടുതൽ വ്യക്തത വേണമെങ്കിൽ രാജ്യസഭയിൽ രാജീവ് സഖാവ് നടത്തിയ ചർച്ചകളുടെ ലിസ്റ്റൊന്നു നോക്കുക. ആ വാക്കുകളിൽ ഇടം പിടിക്കാതെ പോയ ഒരു വിഭാഗവും ഉണ്ടാകില്ല.
ട്രാൻസ്ജെൻഡേഴ്സിനു വേണ്ടിയും, പ്രവാസികളുടെ ക്ഷേമത്തിനു വേണ്ടിയും, ഇടിയുന്ന വില ഞെരുക്കുന്ന റബർ കർഷകർക്കു വേണ്ടിയും, ആദിവാസി പെൺകുട്ടികൾക്കു വേണ്ടിയും, ഐ.റ്റി. മേഖലയിലെ തൊഴിലാളികൾക്കു വേണ്ടിയും, മത്സ്യത്തൊഴിലാളികൾക്ക് വേണ്ടിയും, വിദ്യാർഥികൾക്ക് വേണ്ടിയും, മതന്യൂനപക്ഷങ്ങൾക്ക് വേണ്ടിയും, സ്ത്രീകൾക്ക് വേണ്ടിയും, അഭയാർഥികൾക്ക് വേണ്ടിയും അങ്ങനെ എണ്ണിയാൽത്തീരാത്ത മനുഷ്യരുടെ അവകാശങ്ങൾക്ക് വേണ്ടിയും ആ ശബ്ദമുയർന്നു.
മനുഷ്യാവകാശങ്ങളെക്കുറിച്ച് വീണ്ടും അതേ ശബ്ദം നാം കേട്ടു. ഇന്ത്യൻ പാർലമെന്റിലല്ല, യു.എൻ. ജനറൽ അസംബ്ലിയിൽ.
രാജ്യസഭയിലെ കാലാവധി പൂർത്തിയായതിനു ശേഷം ആ മനുഷ്യന് ഇന്ത്യയുടെ ഉപരാഷ്ട്രപതിയുടെയടുക്കൽ നിന്ന് ഡെൽഹിയിലേക്ക് ഒരു ക്ഷണം വന്നു. പുതിയ പാർലമെന്റംഗങ്ങൾക്ക് പാർലമെന്റ് നടപടികളെക്കുറിച്ച് ക്ലാസെടുക്കാൻ.
പാർലമെന്റ് മന്ദിരത്തിനകത്ത് കനമുള്ള ശബ്ദത്തിൽ ആ മനുഷ്യൻ പറഞ്ഞതു മുഴുവൻ നമ്മളെക്കുറിച്ചായിരുന്നു. വികസനത്തിന്‍റെ അളവുകോലിൽ എറണാകുളം തളരാതിരിക്കാനായിരുന്നു. വിയർപ്പിറ്റി കിടപ്പാടം വിറ്റ് മഹാനഗരം പടുത്തുയർത്തിയ ഒരു കൂട്ടമാളുകൾ വികസനസ്വപ്നങ്ങളിൽ ഒറ്റപ്പെടാതിരിക്കാനായിരുന്നു. കമ്മീഷന്റെ “ലാഭകണക്കുകളിലേക്ക്” കണ്ണു പായിക്കാതെ ചെലവഴിച്ച എം.പി.ഫണ്ട് മുഴുവൻ അവരുടെ അതിജീവനങ്ങൾക്ക് നിറം പകരാനായിരുന്നു. അവരുടെ കുഞ്ഞുങ്ങളെ ഏറ്റവും മികച്ച ക്ലാസ്മുറികളിൽ ഇരുത്താനായിരുന്നു. ഏറ്റവും നൂതന സാങ്കേതികവിദ്യകളിലൂടെ അറിവിന്റെ പുതിയ ലോകത്തിലേക്ക് കൂട്ടിക്കൊണ്ടുപോകാനായിരുന്നു. “പണമില്ലാത്തവന് ചികിത്സയില്ലെ”ന്ന നവലിബറൽ ആപ്തവാക്യമൊരുക്കുന്ന മരണക്കെണിയിൽ നിന്ന് അവരെ ജീവിതത്തിലേക്ക് ചേർത്തുപിടിക്കാനായിരുന്നു.
ആ മനുഷ്യൻ എറണാകുളത്തെ എങ്ങനെ വളർത്തിയെന്ന് വ്യക്തതയില്ലാത്തവർ ഇടപ്പള്ളി വരെ ഒന്നു വരണം. ലുലു മാളിന്‍റെ പുറത്തുനിന്ന് മുകളിലേക്ക് നോക്കിയാൽ ചീറിപ്പായുന്ന ഒരു മെട്രോ കാണാം. 6 വർഷം മുമ്പുള്ള ഒരു ഒക്ടോബറിൽ ഈ മനുഷ്യന്റെ നേതൃത്വത്തിൽ ഒരു മനുഷ്യമെട്രോ തീർത്തില്ലായിരുന്നെങ്കിൽ, പടിപടിയായി ജനങ്ങളെ സംഘടിപ്പിച്ച് പ്രതിഷേധം പടർത്തിയില്ലായിരുന്നെങ്കിൽ കുരുങ്ങുന്ന ട്രാഫിക്കിനെ നോക്കി ഇന്നും നെടുവീർപ്പിടേണ്ടി വന്നേനെ. “രാജീവിന്‍റെ ഇടപെടലില്ലായിരുന്നെങ്കിൽ കൊച്ചി മെട്രോ ഇത്രവേഗം പൂർത്തിയാവില്ലായിരുന്നു”വെന്ന് പറഞ്ഞത് മറ്റാരുമല്ല. മെട്രോമാൻ ഇ.ശ്രീധരനാണ്.

ജനങ്ങളുടെ പ്രതിനിധി എങ്ങനെയായിരിക്കണമെന്ന് പഠിക്കണ്ടവർ കളമശേരി മെഡിക്കൽ കോളേജും കലൂരെ കാൻസർ ഡിറ്റക്ഷൻ സെന്ററും വന്നു കാണണം. എറണാകുളം ജനറൽ ഹോസ്പിറ്റലിൽ ഒന്നു വന്നുനോക്കണം. ശീതീകരിച്ച ഒരു ക്യാൻസർ വാർഡും അതിനകത്ത് ആധുനിക റേഡിേയേഷൻ യന്ത്രവും കാണാം. തങ്ങളുടെ ശരീരത്തിനകത്ത് സ്ഥാനം തെറ്റി ഉയരുന്ന മുഴയെയോർത്ത്, മുടക്കാൻ ലക്ഷങ്ങളില്ലാത്തതിനാൽ ജീവിതം ഇരുട്ടിലാണെന്ന് നെടുവീർപ്പിട്ടിരുന്നിരുന്ന കുറേ പേർ ആ യന്ത്രത്തിൽ നിന്ന് ജീവിതപ്രതീക്ഷകളുമായി പോയിട്ടുണ്ടത്രേ. ആലുവയിലെ ജില്ലാ ആശുപത്രിയിൽ കേരളത്തിലെ ആദ്യത്തെ കമ്യൂണിറ്റി ഡയാലിസിസ് സെന്റർ ഉണ്ട്. ആ മനുഷ്യന്റെ ഇടപെടലുകളായിരുന്നുവത്രേ. പൊതുബോധത്തിൽ പുറന്തള്ളപ്പെട്ടു കിടന്നിരുന്ന പൊതുവിദ്യാലയങ്ങളിൽ പെൺകുട്ടികൾക്കായി നടപ്പിലാക്കിയ ഇ-ടോയ്ലറ്റുകളുടെ പദ്ധതിയുണ്ട്. അത് നടപ്പിലാക്കിയതിന് ഉമ്മൻചാണ്ടിയുടെ കോൺഗ്രസ് സർക്കാർ ഒരു ഇടതുപക്ഷ എം.പി.ക്ക് Chief Minister’s Developmental Innovation അവാർഡ് കൊടുക്കാൻ
നിർബന്ധിക്കപ്പെട്ടത്രേ.
ഏറ്റവും ലളിതമായി, വ്യക്തമായി ആ മനുഷ്യൻ രാഷ്ട്രീയം പറഞ്ഞുകൊണ്ടേയിരുന്നു. കേരളത്തിനകത്തും പുറത്തും. ഇന്ത്യക്കകത്തും പുറത്തും. ജനങ്ങളോട് നിരന്തരം സംവദിച്ചുകൊണ്ടേയിരുന്നു. പറഞ്ഞത് മുഴുവൻ മനുഷ്യജീവിതത്തിന്‍റെ രാഷ്ട്രീയമായിരുന്നു. സാമൂഹ്യനീതിയുടെയും, മതനിരപേക്ഷതയുടെയും രാഷ്ട്രീയമായിരുന്നു. അദ്ദേഹം രാഷ്ട്രീയസിദ്ധാന്തങ്ങൾ പറഞ്ഞത് മുഴുവൻ ഏറ്റവും സാധാരണക്കാർക്ക് മനസിലാകണമെന്ന നിർബന്ധബുദ്ധിയോടെയായിരുന്നു.
ആ രാഷ്ട്രീയം ഒന്നിരുട്ടിവെളുത്തപ്പോൾ ഉണ്ടായിവന്നതല്ല. 24 വർഷങ്ങൾക്കു മുന്നേ ഒരു നവംബറിൽ എടുത്ത ഫോട്ടോയിൽ കീറിപ്പറിഞ്ഞ ഷർട്ടുമായി പോലീസിന്‍റെ മർദനങ്ങളേറ്റ് നിൽക്കുന്ന ആ മനുഷ്യനെ നമ്മൾ കണ്ടിട്ടുണ്ട്. കൂത്തുപറമ്പിന്‍റെ തെരുവിൽ പൊതുവിദ്യാഭ്യാസത്തെ സംരക്ഷിക്കാനൊത്തു കൂടിയ തന്‍റെ സഖാക്കൾ കരുണാകരന്‍റെ പോലീസിന്‍റെ തോക്കുകുഴലിൽ നിന്ന് ചീറിയ വെടിയുണ്ടകളേറ്റ് പിടഞ്ഞുവീണപ്പോൾ പ്രതിഷേധിച്ചതിന്. ചെറുത്തുനില്പുകളുടെ ആ രാഷ്ട്രീയം എസ്.എഫ്.ഐ.യിലൂടെയും, ഡി.വൈ.എഫ്.ഐ.യിലൂടെയും, ട്രേഡ് യൂണിയനുകളിലൂടെയും മൂർച്ചകൂട്ടപ്പെട്ടുകൊണ്ടേയിരുന്നു. മനുഷ്യരുമായുള്ള നിരന്തര സമ്പർക്കത്തിലൂടെ നിലപാടുകൾ ശക്തിപ്പെട്ടുകൊണ്ടേയിരുന്നു. ആ രാഷ്ട്രീയത്താൽ നയിക്കപ്പെട്ടുകൊണ്ടേയിരുന്നു.
അതുകൊണ്ടാണ് ഭരിക്കുന്ന പാർട്ടിയ്ക്കെതിരെ സഭയിൽ എത്ര ആഞ്ഞടിച്ചാലും ആ മനുഷ്യന് പ്രധാനമന്ത്രിയെ കണ്ണിറുക്കി കെട്ടിപ്പിടിച്ച് ബാലൻസ് ചെയ്യേണ്ടി വരാതിരുന്നത്. ഏറ്റവും ഗാഢമായി സൗഹൃദം സൂക്ഷിച്ചുകൊണ്ടുതന്നെ ഒരു എം.പി.യുടെ പ്രാഥമികകടമയാണ് സഭയിൽ പങ്കെടുക്കുകയെന്നതെന്ന് സച്ചിനോട് പറയാൻ സാധിച്ചത്. “ഞാൻ നടത്തിയ ഇടപെടലുകൾ ഒരു വ്യക്തിയുടെ മാത്രം പ്രവർത്തനത്തിന്‍റെ ഫലമാണെന്ന് കാണാനേ പാടില്ല. ഓരോ പ്രവർത്തനങ്ങളും ജനങ്ങളാണ് ഏറ്റെടുത്തത്. എം.പി.യായിരിക്കേ എറണാകുളം ജനറൽ ആശുപത്രിയിൽ നടപ്പിലാക്കിയ എല്ലാ രോഗികൾക്കും നാലുനേരവും സൗജന്യഭക്ഷണം കൊടുക്കുന്ന പദ്ധതി ആറുവർഷങ്ങൾക്കു ശേഷവും ഒരു ദിവസം പോലും മുടങ്ങാതെ നടക്കുന്നുണ്ടെങ്കിൽ അതിനുത്തരവാദി ഞാനല്ല, അവിടെ ചാരി നിൽക്കുന്ന പീറ്ററ് ചേട്ടനെപ്പോലെയുള്ളവരാണ്” എന്ന് എൽ.ഡി.എഫ്. എറണാകുളം പാർലമെന്റ് കൺവെൻഷനിൽ തടിച്ചുകൂടിയ ആയിരക്കണക്കിനാളുകൾക്കു മുന്നിൽ
ഏറ്റവും സത്യസന്ധമായി പറയാൻ കഴിഞ്ഞത്.
ആറ്റിക്കുറുക്കി സാനുമാഷ് പറഞ്ഞ രണ്ടു വാചകങ്ങളിൽ ഉണ്ട് എല്ലാം. “പ്രായോഗികബുദ്ധിയും സാമർത്ഥ്യവും അനുഭവവും ആദർശബുദ്ധിയും ഒന്നിക്കുന്ന അപൂർവം വ്യക്തിത്വമാണ‌് പി. രാജീവിന്‍റെത‌്. ഇന്ത്യയിലെ ഏറ്റവും പ്രശസ‌്തനായ പാർലമെന്റേറിയൻ എന്ന‌് വരുംതലമുറ വാഴ‌്ത്താൻ പോകുന്ന രാജീവിനെ ഇതാ എറണാകുളത്തിന്‍റെ കരങ്ങളിൽ ഏൽപ്പിക്കുന്നു”.
