കോട്ടയം: കേരള കോണ്‍ഗ്രസ് എം ഇനിമുതല്‍ യു.ഡി.എഫ് മുന്നണിയുടെ ഭാഗമാണെന്ന് കെ.എം മാണി. കേരള കോണ്‍ഗ്രസിന്റെ തിരിച്ചുവരവ് മുന്നണിക്കും കര്‍ഷകര്‍ക്കും ഗുണം ചെയ്യും. മതനിരപേക്ഷ കക്ഷികളുടെ കൂട്ടായ്മ ശക്തിപെടുത്താനാണ് തീരുമാനമെന്ന് കെ.എം മാണി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പി.ജെ കുര്യന് എന്തും പറയാം. കോണ്‍ഗ്രസ് അറിഞ്ഞ് തന്ന സീറ്റാണ് ഇത്. കോണ്‍ഗ്രസില്‍ നടക്കുന്ന പ്രതിഷേധം ഞങ്ങള്‍ക്ക് ബാധകമല്ല. അതിനെ ഞങ്ങള്‍ കണക്കിലെടുക്കുന്നില്ല. അര്‍ഹതപ്പെട്ട രാജ്യസഭാ സീറ്റാണ് ഞങ്ങള്‍ക്ക് ലഭിച്ചത്. രാജ്യസഭയിലേക്ക് താന്‍ പോകില്ലെന്നും രാജ്യസഭാ സീറ്റ് ആര്‍ക്കാണെന്നുള്ളത് ഇന്ന് യോഗം ചേര്‍ന്ന് തീരുമാനിക്കും. പെട്രോളിന്റെ നികുതി കുറയ്ക്കണമെന്നും റബറിന് താങ്ങുവില പ്രഖ്യാപിക്കണമെന്നും മാണി ആവശ്യപ്പെട്ടു.
രാജ്യസഭയിലേക്ക് പോകുമോ എന്ന ചോദ്യത്തിന് രാജ്യസഭയിലേക്ക് പോകാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും ജോസ് കെ മാണി പോകരുതെന്നാണ് തന്റെ അഭിപ്രായമെന്നും കെ.എം മാണി പറഞ്ഞു. ബാര്‍കോഴ ആരോപണത്തെ തുടര്‍ന്ന് 2016 ഓഗസ്റ്റിലായിരുന്നു മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട ബന്ധം ഉപേക്ഷിച്ച് മാണി യുഡിഎഫ് വിട്ടത്. എന്നാല്‍ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പോടെ മാണി വീണ്ടും യു.ഡി.എഫിനോട് അടുത്തു. മാണി യു.ഡി.എഫിലേക്ക് തന്നെയാണെന്ന ചര്‍ച്ച സജീവമായിരുന്നുവെങ്കിലും തങ്ങളുടെ രാജ്യസഭാ സീറ്റ് മാണിക്ക് വീട്ട് കൊടുത്താണ് ഒടുവില്‍ കേരളകോണ്‍ഗ്രസിന്റെ യു.ഡി.എഫ് പ്രവേശനം കോണ്‍ഗ്രസ് ഉറപ്പിച്ചത്.
