
കണ്ണൂര്‍ ജില്ലയിലെ സി.പി.എം പ്രവര്‍ത്തകര്‍ക്കിടയില്‍ ജില്ലാ സെക്രട്ടറി ആയത് മുതല്‍ പി. ജയരാജന് ആവേശമാണ്. അത് വരെ ഇല്ലാത്ത ഊര്‍ജ്ജസ്വലതയാണ് ജയരാജന്റെ കാലത്ത് കണ്ണൂര്‍ സി.പി.എം നേടിയത്. ബദ്ധവൈരികളായ ഒ.കെ വാസുമാസ്റ്ററെയും അശോകനെയും പാര്ട്ടിയിലെത്തിച്ചതുമൊക്കെ പ്രവര്‍ത്തകര്‍ക്കിടയില്‍ ജയരാജനോടുള്ള ആരാധന വര്‍ധിപ്പിച്ചു. ഇതിനെ തുടര്‍ന്നാണ് കണ്ണൂരിന് താരകമായും ചെഞ്ചോര പൊന്കതിരായും വിശേഷിപ്പിച്ചും ഉള്ള ഗാനം പുറത്തിറങ്ങിയത്.
ഇത് വ്യക്തി ആരാധനക്ക് ജയരാജന് നിന്നുകൊടുക്കുന്നതിന്റെ ഫലമായാണ് സംസ്ഥാന കമ്മറ്റിയില്‍ ആക്ഷേപം ഉയര്‍ന്നെങ്കിലും പ്രവര്‍ത്തകര്‍ക്കിടയില്‍ അതൊന്നും പ്രശ്നമായില്ല. കുറച്ചു വര്‍ഷമായി കൈവിട്ടു പോയിരുന്ന പഴയ ചെങ്കോട്ടയായ വടകര തിരിച്ചു പിടിക്കാന്‍ പി. ജയരാജനെ തന്നെ പാര്‍ട്ടി രംഗത്തിറക്കിയതോടെ പ്രവര്‍ത്തകരുടെയും അനുഭാവികളുടെയും ആരാധനയും ആവേശവും കണ്ണൂര്‍ ജില്ലയും കടന്ന് സംസ്ഥാന തലത്തിലേക്ക് ഉയര്‍ന്നു. അതേ സമയം ജയരാജനെ സ്ഥാനാര്‍ത്ഥിയാക്കിയത് കണ്ണൂര്‍ ജില്ല സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റാനാണെന്ന് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടന്നപ്പോഴെ ചെറിയ തോതില്‍ ആരോപണം ഉയര്‍ന്നിരുന്നു. ജയരാജനെ എന്ത് വില കൊടുത്തും വിജയിപ്പിക്കുന്നതിന് വേണ്ടി സോഷ്യല്‍ മീഡിയയിലും സജീവ പ്രവര്‍ത്തനങ്ങള്‍ നടത്തി പ്രവര്‍ത്തകര്‍.

പി. ജയരാജന് എന്ന പേരിന്റെ ചുരുക്കപ്പേരായ പി.ജെ എന്ന പേരിലായിരുന്നു ഭൂരിപക്ഷം സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളും. ജയരാജന്റെ പ്രസംഗങ്ങളും ചിത്രങ്ങളും സാമൂഹ്യപ്രവര്‍ത്തനങ്ങളുടെ വിവരങ്ങളും എല്ലാം ഗ്രൂപ്പുകളില്‍ നിറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ മറ്റ് 18 ഇടങ്ങളിലും ഇടതുമുന്നണി പരാജയപ്പെട്ടത് പോലെ ജയരാജനും വടകരയില്‍ വീണു. മറ്റ് സ്ഥലങ്ങളിലെ പരാജയങ്ങളേക്കാള്‍ പ്രവര്‍ത്തകര്‍ക്ക് സഹിക്കാന്‍ കഴിയാത്തതായിരുന്നു വടകരയിലെ പരാജയം. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഗ്രൂപ്പുകളില്‍ ഉയര്‍ന്ന ആവശ്യം പുതുതായി തുടങ്ങുന്ന കേരള ബാങ്ക് ചെയര്‍മാനായി ജയരാജനെ തെരഞ്ഞെടുക്കണമെന്നായിരുന്നു. അതിന് ശേഷം പി. ജയരാജന് സെക്രട്ടറിയായി തിരികെയെത്തണമെന്ന് ആവശ്യപ്പെട്ട് സര്‍വ്വേകളും ഇതേ ഗ്രൂപ്പുകളില്‍ നടന്നിരുന്നു.
ഇതിനെതിരെ ജയരാജന് തന്നെ അന്ന് രംഗത്ത് വന്നിരുന്നു. സി.ഓ.ടി നസീര്‍ വധശ്രമവും ആന്തൂര്‍ നഗരസഭയിലെ സാജന്റെ ആത്മഹത്യയും ബിനോയ് കോടിയേരി വിഷയവും കണ്ണൂരിലെ മുതിര്‍ന്ന നേതാക്കളെ വാര്‍ത്തകളില്‍ നിറക്കുമ്പോള്‍ ഗ്രൂപ്പുകളില്‍ ചര്‍ച്ചകള്‍ സജീവമാണ്. ബിനോയ് കോടിയേരിയുടെ വിഷയം ചര്‍ച്ചയായതോടെ നിശിതവിമര്‍ശനമാണ് ഗ്രൂപ്പുകളില്‍ നേതാക്കള്‍ക്കെതിരെ നടക്കുന്നത്. കല്ല് പണിക്കും ഹോട്ടല്‍ പണിക്കും പോവുന്ന പി.ജയരാജന്റെ മക്കളും പിതാവുമാണ് മാതൃക എന്ന് ചിത്രം സഹിതം പലരും അഭിപ്രായപ്പെടുന്നു. തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോള്‍ ജയരാജന് തിരികെ കണ്ണൂര്‍ സെക്രട്ടറിയായി തിരികെ വരണം എന്ന ചര്‍ച്ച അന്നത്തേതിനേക്കാള്‍ ശക്തമായി നടക്കുന്നു.
മറ്റ് നേതാക്കളെ അപ്പുറത്ത് നിര്‍ത്തിയും പി. ജയരാജനെ ഇപ്പുറത്ത് നിര്‍ത്തിയും ചര്‍ച്ചകള്‍ ചൂട് പിടിച്ചതോടെയാണ് പി. ജയരാജന് തന്നെ നേരിട്ട് പറയേണ്ടി വന്നത്. തന്റെ പേരിലുള്ള ഗ്രൂപ്പുകള്‍ പേര് മാറ്റണമെന്നാണ് ജയരാജന് ആവശ്യപ്പെട്ടത്.തന്റെ ഒരു മകന് ഏതോ ഒരവസരത്തില്‍ കല്ലു ചുമന്നതും മറ്റൊരു മകന് ഹോട്ടല്‍ ജോലി ചെയ്യുന്നതും അവരുടെ സുഹത്തുക്കള്‍ തമാശയായി ഫോട്ടോ എടുത്ത് പോസ്റ്റ് ചെയ്തത് ഉപയോഗപ്പെടുത്തിക്കൊണ്ട് നേതാക്കളുടെ മക്കള്‍ വ്യത്യസ്ത തട്ടുകളിലാണെന്ന് പ്രചരിപ്പിക്കുന്നുണ്ട്.ഇതെല്ലാം എല്ലാവരും സദുദ്ദേശത്തോടെയല്ല ചെയ്യുന്നത് എന്ന് പറയേണ്ടിയിരിക്കുന്നു എന്ന് ജയരാജന് അഭ്യര്‍ത്ഥനയില്‍ എടുത്തു പറയുന്നു. പി. ജയരാജനെ ബിംബമായി ഉപയോഗിച്ച് സി.പി.എമ്മിനെ ആക്രമിക്കാന്‍ നോക്കേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയനും ഇന്നലെ നിയമസഭയില്‍ പറഞ്ഞിരുന്നു. ഇതിന് ശേഷമാണ് അഭ്യര്‍ത്ഥനയുമായി ജയരാജന് ഫേസ്ബുക്കിലെത്തിയത്.
https://www.facebook.com/pjayarajan.kannur/posts/2421780394747883
