പി. ജയരാജനെ കൊലയാളിയെന്ന് വിശേഷിപ്പിച്ച സംഭവം; ആര്‍.എം.പി.ഐ നേതാവ് കെ.കെ രമയ്‌ക്കെതിരെ കേസെടുത്തു

  • Post category:news
  • Reading time:1 min read
You are currently viewing പി. ജയരാജനെ കൊലയാളിയെന്ന് വിശേഷിപ്പിച്ച സംഭവം; ആര്‍.എം.പി.ഐ നേതാവ് കെ.കെ രമയ്‌ക്കെതിരെ കേസെടുത്തു

കോഴിക്കോട്: വടകര ലോക്‌സഭ മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി. ജയരാജനെ കൊലയാളിയെന്ന് വിശേഷിപ്പിച്ച ആര്‍.എം.പി നേതാവ് കെ.കെ രമയ്‌ക്കെതിരെ കേസെടുത്തു. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ പരാതിയിലാണ് നടപടി. കെ.കെ രമയ്ക്കെതിരെ കേസെടുക്കാന്‍ വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് നിര്‍ദ്ദേശിച്ചത്.

എന്നാല്‍ രമയ്ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ. മുരളീധരന്‍ രംഗത്തെത്തി. ആദ്യം ഭര്‍ത്താവിനെ കൊന്നവര്‍ ഇപ്പോള്‍ രമയെയും മാനസികമായി ദ്രോഹിക്കുകയാണെന്നും രമക്കെതിരായ കേസ് നിയമപമായി നേരിടുമെന്നും മുരളീധരന്‍ പറഞ്ഞു. സത്യം പറഞ്ഞതിനാണ് രമയ്‌ക്കെതിരെ കേസെടുത്തതെന്നും യു.ഡി.എഫും രമയും പറയുന്നത് സത്യം മാത്രമാണെന്നും മുരളീധരന്‍ പറഞ്ഞു.

പി. ജയരാജനെ കൊലയാളിയാണെന്ന് വിശേഷിപ്പിച്ച് വോട്ടര്‍മാര്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തുകയും പൊതുജന മധ്യത്തില്‍ സ്ഥാനാര്‍ത്ഥിയെ അപകീര്‍ത്തിപ്പെടുത്തുകയും ചെയ്തെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ പരാതി. ഇക്കുറി വടകരയില്‍ സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കാതെ കോണ്‍ഗ്രസിന് പൂര്‍ണ്ണ പിന്തുണയാണ് ആര്‍.എം.പി ചെയ്തത്.

0Shares