
പി.എസ്.സി പരീക്ഷകളില്‍ മലയാള ഭാഷാപരിജ്ഞാനം നിര്‍ബന്ധമാക്കണമെന്ന ആവശ്യമുന്നയിച്ച് നിയമസഭാ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ നടപടിയെടുക്കാതെ സര്‍ക്കാര്‍.പീരുമേട് എം.എല്‍.എ ഇ.എസ് ബിജിമോള്‍ അധ്യക്ഷയായ നിയമസഭാ സമിതി റിപ്പോര്‍ട്ട് നല്‍കി രണ്ട് വര്‍ഷമായിട്ടും ബന്ധപ്പെട്ട വകുപ്പുകളിലെ അധികൃതര്‍ പ്രതികരിച്ചിട്ടില്ല.
ശ്രേഷ്ഠഭാഷ പട്ടികയില്‍ ഇടം പിടിച്ച മലയാളം ഔദ്യോഗികഭാഷ എന്ന നിലയില്‍ എവിടെ നില്‍ക്കുന്നു എന്നതായിരുന്നു സമിതി പരിശോധിച്ചത്. ഉന്നത വിദ്യാഭ്യാസം, റവന്യൂ, ആഭ്യന്തരം, നിയമം എന്നീ വകുപ്പുകളില്‍ നിന്ന് വിവരശേഖരം നടത്തിയ സമിതി തിരുവനന്തപുരം, എറണാകുളം കളക്ടറേറ്റുകളിലും കണ്ണൂര്‍ സര്‍വകലാശാലയിലും സിറ്റിംഗ് നടത്തിയ ശേഷമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

കേരളത്തിലെ ഭരണഭാഷാ മലയാളമാണ്. പക്ഷെ കേരളത്തില്‍ ഭരണചക്രം തിരിക്കാനുള്ള ഉദ്യോഗസ്ഥരെ തിരഞ്ഞെടുക്കുന്നത് ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം പരിഗണിച്ചാണെന്നതാണ് രസം. ലാസ്റ്റ് ഗ്രേഡ്, എല്‍. ഡി. സി പരീക്ഷകളിലൊഴികെ എല്ലാ പരീക്ഷയിലും ചോദ്യങ്ങള്‍ ഇംഗ്ലീഷിലാണ്. സെക്രട്ടറിയേറ്റ് ഗുമസ്തനാകാനും വേണം ഇംഗ്ലീഷ്. ജോലികിട്ടിയാല്‍ പിന്നെ ഭരണഭാഷയായ മലയാളത്തില്‍ വേണം ഫയലെഴുതാനും ഉത്തരവുണ്ടാക്കാനും.
ഈ വൈരുധ്യം മാറ്റണമെന്നാണ് ഐക്യമലയാള പ്രസ്ഥാനം, മലയാള ഐക്യവേദി തുടങ്ങി മാതൃഭാഷാ പ്രസ്ഥാനങ്ങളുടെ ആവശ്യം. പി. എസ്. സിയുടെ എല്ലാ പരീക്ഷകളിലും മലയാളത്തില്‍ ചോദ്യം ഉണ്ടാവുകയും മലയാളത്തില്‍ ഉത്തരം എഴുതാന്‍ അവസരം ഉണ്ടാവുകയും വേണം.
