പിറവം സെന്റ് മേരീസ് പള്ളിയുടെ ഗേറ്റ് പോലീസ് മുറിച്ചുമാറ്റി; ചുമതല കലക്ടര്‍ ഏറ്റെടുത്തു; തടഞ്ഞ 67 പേരെ അറസ്റ്റു ചെയ്‌തെന്ന് സർക്കാർ ഹൈക്കോടതിയിൽ

  • Post category:news
  • Reading time:1 min read
You are currently viewing പിറവം സെന്റ് മേരീസ് പള്ളിയുടെ ഗേറ്റ് പോലീസ് മുറിച്ചുമാറ്റി; ചുമതല കലക്ടര്‍ ഏറ്റെടുത്തു; തടഞ്ഞ 67 പേരെ അറസ്റ്റു ചെയ്‌തെന്ന് സർക്കാർ ഹൈക്കോടതിയിൽ

നാളെ രാവിലെയോടെ പിറവം സെന്റ് മേരീസ് പള്ളി ഒഴിപ്പിക്കല്‍ പൂര്‍ത്തിയാക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ഒഴിപ്പിക്കല്‍ നടപടി തടഞ്ഞ 67 പേരെ അറസ്റ്റു ചെയ്‌തെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഹൈക്കോടതി നിർദ്ദേശ പ്രകാരം പള്ളിയുടെ ചുമതല കലക്ടര്‍ എസ്. സുഹാസ് ഏറ്റെടുത്തു. സുപ്രീം കോടതി വിധി നടപ്പാക്കുന്നതിനു തടസം സൃഷ്ടിക്കുന്ന മുഴുവന്‍ പേരേയും അറസ്റ്റു ചെയ്തു നീക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു.

പള്ളി പൂര്‍ണമായും ഒഴിപ്പിച്ച് നാളെ ഉച്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാനും ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
അതിനിടെ, പള്ളി ഒഴിപ്പിക്കാനുള്ള നടപടികള്‍ക്കെതിരെ വിശ്വാസികളും സഭാ മേലധികാരികളും രംഗത്തെത്തി. കലക്ടറുമായുള്ള ചര്‍ച്ചയ്ക്കുശേഷം മെത്രാപ്പൊലീത്തമാര്‍ സ്വയം അറസ്റ്റുവരിച്ചു. പ്രതിഷേധത്തിനു മുന്നില്‍ നിന്ന ചിലരെ നേരത്തെ തന്നെ അറസ്റ്റു ചെയ്തു നീക്കിയിരുന്നു.

പള്ളിയുടെ ഗേറ്റ് പോലീസ് മുറിച്ചുമാറ്റി. പള്ളിയില്‍ കൂട്ടമണിയടിച്ചായിരുന്നു യാക്കോബായ സഭയുടെ പ്രതിഷേധം. സുപ്രീം കോടതി വിധി അനുസരിച്ച് പിറവം പള്ളിയില്‍ ആരാധന നടത്താന്‍ ഓര്‍ത്തഡോക്‌സ് വിഭാഗം പോലീസ് സുരക്ഷ തേടിയിരുന്നു. സുരക്ഷാ നല്‍കാമെന്ന് പോലീസ് പറഞ്ഞതനുസരിച്ച് ഓര്‍ത്തഡോക്‌സ് സംഘം ഇന്നലെ പള്ളിയിലെത്തിയിരുന്നു. എന്നാല്‍ ശ്രേഷ്ഠ ബാവയുടെ നേതൃത്വത്തില്‍ യാക്കോബായ വിഭാഗം ചെറുത്തതോടെ ഓര്‍ത്തഡോക്‌സകാര്‍ക്കു പള്ളിയില്‍ പ്രവേശിക്കാന്‍ കഴിഞ്ഞില്ല. ഇതേത്തുടര്‍ന്ന് ഓര്‍ത്തഡോക്‌സ് സഭാ ട്രസ്റ്റി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

യാക്കോബായ വിഭാഗത്തിന്‍റെ നിയന്ത്രണത്തില്‍ ഉള്ള പിറവം പള്ളിയില്‍ 1934ലെ മലങ്കര സഭയുടെ ഭരണഘടന പ്രകാരം ഭരണനിര്‍വഹണം വേണമെന്ന് ഓര്‍ത്തഡോക്‌സ് സഭ ആവശ്യപ്പെട്ടിരുന്നു. ഏപ്രില്‍ 19 ലെ സുപ്രീംകോടതിവിധിയെ തുടര്‍ന്ന് മേയ് എട്ടിന് പള്ളിയില്‍ പ്രവേശിച്ച് കുര്‍ബാന അര്‍പ്പിക്കാന്‍ ഓര്‍ത്തഡോക്‌സ് സഭ മുന്നോട്ട് വന്നിരുന്നു.

0Shares