തൃശൂര്‍: ടോള്‍ ചോദിച്ചതില്‍ പ്രകോപിതനായ പിസി ജോര്‍ജ് എം.എല്‍.എ ടോള്‍ ബാരിയര്‍ തകര്‍ത്തു. തൃശൂര്‍ പാലിയേക്കര ടോള്‍ പ്ലാസയിലായിരുന്നു എം.എല്‍.എയുടെ അതിക്രമം. ചൊവ്വാഴ്ച രാത്രി 11.30 നാണ് സംഭവം നടന്നത്. ബാരിയര്‍ തകര്‍ത്ത ശേഷം എം.എല്‍.എയും സംഘം ടോള്‍ നല്‍കാതെ ടോള്‍ പ്ലാസ കടന്നു പോയി. തുടര്‍ന്ന് ടോള്‍ പ്ലാസ അധികൃതര്‍ സംഭവം പുതുക്കാട് പോലീസിനെ അറിയിച്ചു. വിവാദങ്ങള്‍ തനിക്ക് പുത്തരിയല്ലെന്നാണ് ഇദ്ദേഹത്തിന്റെ പ്രവര്‍ത്തികള്‍ കാണിക്കുന്നത്.
നേരത്തെ എസ്റ്റേറ്റ് തൊഴിലാളികള്‍ക്ക് നേരെ തോക്ക് ചൂണ്ടി വിവാദം സൃഷ്ടിച്ച വ്യക്തിയായിരുന്നു പിസി ജോര്‍ജ്. വസ്തു കയ്യേറ്റം നടത്തിയെന്ന പരാതി പരിശോധിക്കാന്‍ വന്ന എം.എല്‍.എ സംസാരത്തിനിടെ തൊഴിലാളികളെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയായിരുന്നു. താന്‍ സ്വയരക്ഷാര്‍ത്ഥമാണ് തോക്ക് എടുത്തത് എന്ന് സംഭവത്തെ പറ്റി പി.സി ജോര്‍ജിന്റെ വാദം.