
പാലാരിവട്ടം പാലം അഴിമതിക്കേസിൽ മുൻ പൊതുമരാമത്ത് സെക്രട്ടറി ടി. ഒ സൂരജ് അറസ്റ്റിൽ. കിറ്റ്കോ ജനറൽ മനേജർ ബെന്നി പോൾ, ആർ.ഡി.എസ് എം.ഡി സുമിത് ഗോയൽ എന്നിവരെയടക്കം നാല് പേരെയാണ് വിജിലൻസ് സംഘം അറസ്റ്റ് ചെയ്തിരിക്കുന്നത്. വഞ്ചന, ഗൂഢാലോചന, അഴിമതി, ഫണ്ട് ദുര്‍വിനിയോഗം എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. സൂരജിനെ വിജിലന്‍സ് ഇന്ന് ചോദ്യം ചെയ്തിരുന്നു.
ടി. ഒ സൂരജിനെ ഇന്നലെ മൂന്ന് മണിക്കൂറോളും ചോദ്യം ചെയ്ത വിജിലൻസ് സംഘം ഇന്ന് വീണ്ടും വിളിച്ചു വരുത്തുകയായിരുന്നു. സൂരജ് ഹാജരായതിന് പിന്നാലെ തന്നെ കിറ്റ്കോ ജനറൽ മനേജർ ബെന്നി പോൾ, ആർ.ഡി.എസ് എം.ഡി സുമിത് ഗോയൽ എന്നിവരും അന്വേഷണ സംഘത്തിന് മുമ്പിൽ ഹാജരായിരുന്നു.

മേൽപ്പാലം നിർമാണത്തിൽ രൂപരേഖ അംഗീകരിച്ച കൺസൾട്ടൻസിയായിരുന്നു കിറ്റ്കോ. അന്ന് ഡിവിഷണൽ ഹെഡ് ആയിരുന്ന ബെന്നി പോളിനെയും പാലം നിർമിച്ച ആർ.ഡി.എസ് കമ്പനിയുടെ മാനേജിങ് ഡയറക്ടർ സുമിത് ഗോയലിനെയും വിജിലൻസ് കഴിഞ്ഞ ദിവസങ്ങളിൽ ചോദ്യം ചെയ്തിരുന്നു. ഇവർ നൽകിയ മൊഴികളിൽ പൊരുത്തക്കേട് കണ്ടതിനെ തുടർന്നാണ് അന്വേഷണ സംഘം മൂവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്തത്.
നിലവാരം കുറഞ്ഞ കോണ്‍ക്രീറ്റ്, ഗുണനിലവാരമില്ലാത്ത സിമന്റ്, കമ്പിയും ഉപയോഗിച്ചതായും വിജിലന്‍സ് കണ്ടെത്തി. കുറഞ്ഞ ചെലവില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ ഗുണനിലവാരമില്ലാത്ത സാമഗ്രികള്‍ ഉപയോഗിക്കുകയായിരുന്നെന്നും ഇതിലൂടെ സാമ്പത്തിക ക്രമക്കേട് നടത്തിയെന്നും വിജിലന്‍സ് കണ്ടെത്തി.
