
പ്രചാരണരംഗത്തുനിന്ന് വിട്ടുനിൽക്കുന്ന കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തെ അനുനയിപ്പിക്കാൻ യു.ഡി.എഫിൽ നീക്കം. തിങ്കളാഴ്ച ഉച്ചക്ക് ശേഷം കോട്ടയത്ത് ഡി.സി.സി.യില്‍ പി .ജെ. ജോസഫുമായി കോൺഗ്രസ് നേതൃത്വം ചർച്ച നടത്തും. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും യു.ഡി.എഫ് കൺവീനർ ബെന്നി ബഹനാനുമടക്കം മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിലാകും അനുനയശ്രമങ്ങൾ.
പാലായിൽ സമാന്തര തെരഞ്ഞെടുപ്പ് കൺവെൻഷനുമായി മുന്നോട്ട് പോകാനൊരുങ്ങുന്ന ജോസഫിനെ അനുനയിപ്പിക്കുകയാണ് ലക്ഷ്യം. മോൻസ് ജോസഫും ജോയി എബ്രഹാമുമാണ് ജോസഫ് വിഭാഗത്തെ പ്രതിനിധീകരിച്ച് ചർച്ചകളിൽ പങ്കെടുക്കുന്നത്. എന്നാൽ, ജോസ് വിഭാഗത്തെ പങ്കെടുപ്പിക്കരുതെന്ന നിർദേശം ജോസഫ് വിഭാഗം മുന്നോട്ടുവെച്ചിട്ടുണ്ട്. ആദ്യം തങ്ങൾക്ക് പറയാനുള്ളത് കേൾക്കുക. അതിന് ശേഷം മറ്റ് കാര്യങ്ങൾ എന്ന നിലപാടിലാണ് ജോസഫ് വിഭാഗം.

തന്നെ കൂക്കിവിളിച്ചും ലേഖനത്തിലൂടെ അപമാനിച്ചും ജോസ് പക്ഷം തറ രാഷ്ട്രീയം കളിച്ചിട്ടും രണ്ടുകൂട്ടരോടും അതൃപ്തി അറിയിച്ചെന്ന കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവനയിലുള്ള അമർഷവും ജോസഫ് കോൺഗ്രസ് നേതാക്കളെ അറിയിച്ചിട്ടുണ്ട്. ജോസ് കെ. മാണി വിഭാഗത്തിന്റെ ഭാഗത്തുനിന്ന് പ്രകോപനപരമായ പ്രതികരണം ഉണ്ടാവരുതെന്ന ആവശ്യമാണ് ജോസഫ് വിഭാഗം മുന്നോട്ടുവെക്കുന്നത്.
തൽക്കാലം നിലപാടിൽ അൽപം അയവ് വരുത്തിയാണ് ജോസഫ് നിൽക്കുന്നത്. സമാന്തര പ്രചാരണം യു.ഡി.എഫിലെ ചർച്ചകൾക്ക് ശേഷം മതിയെന്ന് പി. ജെ ജോസഫ് നിർദ്ദേശം നൽകിയിട്ടുണ്ട്. എന്നാൽ ഒരു കാര്യം ജോസഫ് ഉറപ്പിച്ചു പറയുന്നു. നിലവിൽ ഒന്നിച്ച് ഉള്ള പ്രചാരണത്തിനുള്ള സാഹചര്യം അല്ല ഉള്ളത്. വിഷയത്തിൽ കോൺഗ്രസ് നേതാക്കൾ ഇടപെട്ടിട്ടതിനാൽ സമാന്തര പ്രചാരണത്തിൽ ചർച്ച നടത്തും. ഉപതെരഞ്ഞെടുപ്പിന് രണ്ടാഴ്ച മാത്രമിരിക്കെ ജോസഫ് വിഭാഗം പുറത്തുപോയാൽ യു.ഡി.എഫിന് ദോഷം ചെയ്യുമെന്ന തിരിച്ചറിവും അനുനയ നീക്കങ്ങൾക്ക് ആക്കംകൂട്ടി.
ജോസഫും കൂട്ടരും ഒറ്റക്ക് പ്രചാരണം നടത്തിയാലും പ്രശ്നമാവുമെന്ന ആശങ്കയും യു.ഡി.എഫിനുണ്ട്. യു.ഡി.എഫ് നീക്കങ്ങളിൽ പ്രതീക്ഷയർപ്പിക്കുന്ന ജോസ് പക്ഷം തൽക്കാലം പി.ജെ. ജോസഫിനെ പ്രകോപിപ്പിക്കരുതെന്ന നിര്‍ദ്ദേശം നേതാക്കൾക്കും പ്രവർത്തകർക്കും നൽകിയിട്ടുണ്ട്.
