പാലായില്‍ നടക്കാനുള്ളത് മണ്ഡലം രൂപീകരണത്തിന് ശേഷമുള്ള ഏറ്റവും വാശിയേറിയ മത്സരം; മൂന്ന് മുന്നണികളുടെ സ്ഥാനാര്‍ത്ഥികളും കരുത്തര്‍; കേരളാ രാഷ്ട്രീയം പാലായിലേക്ക് ഉറ്റുനോക്കുമ്പോള്‍

  • Post category:news
  • Reading time:2 mins read
You are currently viewing പാലായില്‍ നടക്കാനുള്ളത് മണ്ഡലം രൂപീകരണത്തിന് ശേഷമുള്ള ഏറ്റവും വാശിയേറിയ മത്സരം; മൂന്ന് മുന്നണികളുടെ സ്ഥാനാര്‍ത്ഥികളും കരുത്തര്‍; കേരളാ രാഷ്ട്രീയം പാലായിലേക്ക് ഉറ്റുനോക്കുമ്പോള്‍

പാലായില്‍ ജനം ആരെയാണ് പാലം വലിക്കുക എന്നത് കേരള രാഷ്ട്രീയത്തെ സംബന്ധിച്ച് ഇനി നിര്‍ണ്ണായകമാകും. മണ്ഡലം രൂപീകരണത്തിന് ശേഷം ഏറ്റവും വാശിയേറിയ മത്സരമാണ് ഈ മണ്ഡലത്തില്‍ ഇപ്പോള്‍ നടക്കാന്‍ പോകുന്നത്. മൂന്ന് മുന്നണികളുടെ സ്ഥാനാര്‍ത്ഥികളും കരുത്തന്‍മാരാണ്. മാണി കുടുംബത്തില്‍ നിന്നും മാറി പുറത്തു നിന്നുള്ള സ്ഥാനാര്‍ത്ഥിയെയാണ് ഇത്തവണ കേരള കോണ്‍ഗ്രസ്സ് മത്സരിപ്പിക്കുന്നത്.

മാണിയുടെ വിശ്വസ്തനായ ജോസ് ടോം പുലിക്കുന്നേല്‍ ആണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി. മാണിയുടെ ഫോട്ടോ മാത്രം മതി ജയിക്കാനെന്നാണ് അദ്ദേഹത്തിന്‍റെ അവകാശവാദം. അതേസമയം പി.ജെ.ജോസഫുമായുള്ള ജോസ്.കെ മാണി വിഭാഗത്തിന്‍റെ ഭിന്നത പാലം വലിയില്‍ കലാശിക്കുമോ എന്ന ആശങ്ക യു.ഡി.എഫ് നേതൃത്വത്തിലും ശക്തമാണ്. ജോസഫ് പുറത്താക്കിയ വ്യക്തിയാണ് സ്ഥാനാര്‍ത്ഥി എന്നതിനാല്‍ പാലം വലി ഉറപ്പാണെന്നാണ് ഇടതുപക്ഷവും കരുതുന്നത്. ഇത് ചെമ്പടയെ സംബന്ധിച്ച് ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്ന ഘടകമാണ്.

എന്നാല്‍ ജോസഫ് വിഭാഗത്തിന് മണ്ഡലത്തില്‍ സ്വാധീനം ഇല്ലാത്തതിനാല്‍ ആ പരിപ്പ് ഇവിടെ വേവില്ലന്നാണ് ജോസ്.കെ മാണി വിഭാഗം പറയുന്നത്. ചിഹ്നം ഒരു പ്രശ്‌നമല്ലന്നും വിജയം ഉറപ്പാണെന്നുമാണ് അവരുടെ പ്രതികരണം. പാലാ തിരഞ്ഞെടുപ്പിന് ശേഷം ജോസഫിനെ മുന്നണിയില്‍ നിന്നും പുകച്ച് പുറത്ത് ചാടിക്കാനാണ് ജോസ്.കെ മാണി വിഭാഗത്തിന്‍റെ നീക്കം. പാല സീറ്റില്‍ വിജയിച്ചാല്‍ അത് നിയമസഭയില്‍ ജോസഫിന്‍റെ പാര്‍ര്‍ലമെന്ററി പാര്‍ട്ടി നേതൃസ്ഥാനത്തിനും വെല്ലുവിളിയാകും. ജോസ് കെ മാണി വിഭാഗം കൂടുതല്‍ കരുത്താര്‍ജിക്കുകയും ചെയ്യും.

നിലവില്‍ രാജ്യസഭ അംഗമുള്‍പ്പെടെ രണ്ട് എം.പിമാരും ജോസ്.കെ മാണി വിഭാഗത്തിനൊപ്പമാണ്. അഞ്ച് എം.എല്‍എമാരില്‍ മൂന്നുപേരിപ്പോള്‍ ജോസഫ് പക്ഷത്താണെങ്കിലും പാലായില്‍ വിജയിക്കുന്നതോടെ ഇരുപക്ഷവും എം.എല്‍.എമാരുടെ കാര്യത്തില്‍ തുല്യ നിലയിലാകും. പാര്‍ട്ടി സംസ്ഥാന കമ്മറ്റിയിലുള്‍പ്പെടെ മറ്റ് ഘടകങ്ങളില്‍ ഭൂരിപക്ഷവും ജോസ്.കെ മാണി വിഭാഗത്തിനൊപ്പമാണ്. ഈ സാഹചര്യത്തില്‍ നിലവില്‍ കീഴ് കോടതികളിലുള്ള കേസില്‍ എന്ത് തീരുമാനം വന്നാലും കേരള കോണ്‍ഗ്രസില്‍ ഒരു പിളര്‍പ്പ്, അത് ഉറപ്പാകും. പിളര്‍ന്നാലും യു.ഡി.എഫില്‍ നില്‍ക്കാനാണ് ജോസഫ് വിഭാഗത്തിനും താല്‍പ്പര്യം.

എന്നാല്‍ ഇത് ജോസ്.കെ മാണി വിഭാഗം അംഗീകരിക്കില്ല. തങ്ങള്‍ക്ക് പരമ്പരാഗതമായി ലഭിച്ച് കൊണ്ടിരിക്കുന്ന സീറ്റുകളില്‍ കുറവ് വരുത്തുന്നത് അവരെ ചൊടിപ്പിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഇങ്ങനെ സീറ്റുകള്‍ വിഭജിക്കാതെ 2021 ലെ നിയമസഭ തിരഞ്ഞെടുപ്പിനെ നേരിടാന്‍ യു.ഡി.എഫിനും കഴിയുകയില്ല.

0Shares