കാസര്‍കോട്: ചന്ദ്രഗിരിപ്പാലത്തിന്റെ പൊളിഞ്ഞ കൈവരിയുടെ സിമന്റ് കട്ടകളും മറ്റ് അവശിഷ്ടങ്ങളും പുഴയിലേക്ക് തള്ളിയ സംഭവത്തില്‍ കരാറുകാരനെതിരേ കാസര്‍കോട് പോലിസ് കേസെടുത്തു. കരാറുകാരന്‍ വെള്ളിക്കോത്ത് സ്വദേശി വേണുനായര്‍(50)ക്കെതിരേയാണ് കേസ്. ശനിയാഴ്ച രാവിലെയാണ് തൊഴിലാളികള്‍ എത്തി പാലത്തിന്റെ തകര്‍ന്ന കൈവരിയിലെ സിമന്റുകട്ടകള്‍ പുഴയിലേക്ക് തള്ളാന്‍ തുടങ്ങിയത്. ഈ കാഴ്ച കണ്ട ഡി.സി.സി പ്രസിഡണ്ട് ഹക്കീം കുന്നിലും പ്രവാസി കോണ്‍ഗ്രസ്സ് പ്രസിഡണ്ട് പത്മരാജന്‍ ഐങ്ങോത്തും മാലിന്യം തള്ളുന്നത് തടഞ്ഞു. സംഭവം ചോദ്യം ചെയ്തതോടെ നാട്ടുകാരും പ്രശ്‌നത്തിലിടപെട്ടു. ഇതോടെ കരാറുകാന്‍ പണി നിര്‍ത്തിവക്കാന്‍ തൊഴിലാളികളോട് നിര്‍ദേശിച്ചു.
സംഭവത്തില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരനെ വിളിച്ച് പരാതി അറിയിച്ചപ്പോള്‍ കരാറുകാരനെതിരെ സ്വമേധയാ കേസെടുക്കാന്‍ മന്ത്രി കാസര്‍കോട് പോലിസിന് നിര്‍ദേശം നല്‍കുകയായിരുന്നു. ജില്ലാ കലക്ടറെ ഫോണില്‍ കിട്ടാത്തതിനെ തുടര്‍ന്നാണ് മന്ത്രിയെ നേരിട്ട് പരാതി അറിയിച്ചത്. കഴിഞ്ഞ ദിവസം പുഴ സംരക്ഷണ സമിതി നടത്തിയ പ്രതിജ്ഞയ്ക്ക് ശേഷമാണ് സംഭവം നടക്കുന്നത്. ലോറിയിടിച്ചാണ് പാലത്തിന്റെ കൈവരി തകര്‍ന്നത്. ഇത് പുനസ്ഥാപിച്ചതിനെ തുടര്‍ന്ന് അവശിഷ്ടങ്ങള്‍ നീക്കിയിരുന്നില്ല. 