കോട്ടയം: കയറില്‍ തൂങ്ങി പാറയ്ക്ക് മുകളിലൂടെ കഷ്ടപ്പെട്ട് സാഹസീകമായ കയറുക എന്നത് ഒരു പ്രത്യേക അനുഭവമാണ്. എന്ന് കരുതി ഈ യാത്ര സ്ഥിരമായാലോ? മടുത്ത് പോകുമല്ലേ. അയല്‍വാസി വഴി കെട്ടിയടച്ചതിനേത്തുടര്‍ന്ന് ഒരു കുടുംബം ഇപ്പോള്‍ സ്വന്തം വീട്ടിലേക്ക് എത്താന്‍ സ്വീകരിച്ചത് ഇത്തരമൊരു സാഹസികതയാണ്. കൈക്കുഞ്ഞിനേയും ഒക്കത്തെടുത്ത് പാറയിലൂടെ കയറിയിറങ്ങുന്നത് ഇവരുടെ ഗതികേടുകൊണ്ടാണ്.
തിരുവല്ലയിലെ കല്ലിശേരിയിലുള്ള നാലംഗ കുടുംബത്തിനാണ് ഈ ഗതി. മൂന്ന് പതിറ്റാണ്ടിലേറെയായി സ്വന്തം വീട്ടിലേക്കെത്താനുള്ള നടപ്പു വഴി അയല്‍വാസി കെട്ടിയടച്ചതോടെയാണ് പുറം ലോകവുമായി ബന്ധപ്പെടാന്‍ ഇവര്‍ ജീവന്‍ പോലും മറന്ന് സാഹസീക സഞ്ചാരം തിരഞ്ഞെടുത്തത്.

പുരയിടത്തിന്റെ രണ്ട് വശങ്ങളിലുമുള്ള പാറയില്‍ കെട്ടിതൂക്കിയ പ്ലാസ്റ്റിക് കയറാണ് ഇപ്പോള്‍ ഇവരെ പുറംലോകത്തെത്തിക്കുന്നത്.
ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്കും റവന്യൂ അധികൃതര്‍ക്കും പരാതി നല്‍കിയെങ്കിലും നടപടി ഒന്നും ഉണ്ടായില്ല. റവന്യൂ രേഖകളില്‍ പോലും പരാമര്‍ശിക്കുന്ന ഈ വഴി കെട്ടിയടച്ചതോടെ ദുരിതത്തിലായ മറ്റ് മൂന്ന് കുടുംബങ്ങള്‍ കൂടെയുണ്ട്.

പ്രശ്‌ന പരിഹാരത്തിന് പഞ്ചായത്ത് നടത്തിയ ശ്രമവും പാഴായി. കോടതിയില്‍ നിന്നും സ്റ്റേ വാങ്ങിയാണ് അവര്‍ ഇതിനെ പ്രതിരോധിച്ചത്. വഴി നല്‍കില്ലെന്ന കടുത്ത നിലപാടാണ് എതിര്‍കക്ഷി സ്വീകരിച്ചതെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ഈ വിഷയം പരിശോധിച്ച് നടപടിയെടുക്കുമെന്ന് ജില്ലാ കളക്ടര്‍ ആര്‍ ഗിരിജ അറിയിച്ചു.