പാര്‍ട്ടി പ്രവര്‍ത്തകരായ യുവാക്കൾക്കെതിരെ യു.എ.പി.എ; പോലീസിനെതിരെ പ്രമേയം പാസാക്കി സി.പി.എം കോഴിക്കോട് സൗത്ത് ഏരിയ കമ്മിറ്റി

  • Post category:news
  • Reading time:1 min read
You are currently viewing പാര്‍ട്ടി പ്രവര്‍ത്തകരായ യുവാക്കൾക്കെതിരെ യു.എ.പി.എ; പോലീസിനെതിരെ പ്രമേയം പാസാക്കി സി.പി.എം കോഴിക്കോട് സൗത്ത് ഏരിയ കമ്മിറ്റി

പന്തീരാങ്കാവിൽ സി.പി.എം പ്രവർത്തകരായ യുവാക്കളെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തതിനെതിരെ സി.പി.എം പ്രമേയം. സി.പി.എം കോഴിക്കോട് സൗത്ത് ഏരിയ കമ്മിറ്റി ആണ് പ്രമേയം പാസാക്കിയത്. താഹ ഫസലിനെയും അലനെയും അറസ്റ്റ് ചെയ്തത് ധൃതി പിടിച്ച നടപടിയെന്ന് ആണ് പ്രമേയം കുറ്റപ്പെടുത്തി.
പന്തീരാങ്കാവിൽ നടന്നത് യു.എ.പി.എ നിയമത്തിന്‍റെ ദുരുപയോഗമാണ്. ലഘുലേഖയോ നോട്ടീസോ കൈവശം വയ്ക്കുന്നത് യു.എ.പി.എ ചുമക്കത്തക്ക കുറ്റമല്ല.

പോലീസിന്‍റെ നടപടി ജനാധിപത്യ അവകാശങ്ങളെ കവർന്നെടുക്കുന്നതാണെന്നും പ്രമേയത്തിൽ പറയുന്നു. ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ ടി.പി ദാസൻ, സി.പി മുസഫർ അഹമ്മദ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു യോഗം. ഭരിക്കുന്ന പാർട്ടിയുടെ ഘടകം തന്നെ പോലീസിനെതിരെ പ്രമേയം പാസാക്കുന്നത് സർക്കാരിനെ കൂടുതൽ പ്രതിരോധത്തിലാക്കും എന്നുറപ്പാണ്.

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് രണ്ട് സി.പി.എം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനൻ തന്നെ ഇന്നലെ രംഗത്തെത്തിയിരുന്നു. കേസിന്‍റെ തുടക്കം തന്നെ യു.എ.പി.എ ചുമത്തുന്നത് അംഗീകരിക്കാനാകില്ലെന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. എന്നാൽ പ്രമേയം പാസാക്കിയതിലൂടെ പോലീസിനെതിരായ പ്രതിഷേധം വീണ്ടും സി.പി.എം കടുപ്പിച്ചു. മാവോയിസ്റ്റ് ലഘുലേഖകൾ കൈവശം വച്ചതിന് പിടിയിലായ യുവാക്കൾക്കെതിരെ യു.എ.പി.എ ചുമത്തിയത് കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണെന്ന് ഉത്തരമേഖല ഐ.ജി അശോക് യാദവ് പ്രതികരിച്ചിരുന്നു.

0Shares