
കാസര്‍കോട്: ഹൈക്കോടതി വിധിയെ തുടര്‍ന്ന് പാതയോരത്തും മറ്റു പൊതുയിടങ്ങളിലും ഗതാഗതത്തിനു തടസം സൃഷ്ടിക്കുന്നതും അനധികൃതമായും സ്ഥാപിച്ചിരിക്കുന്ന പരസ്യബോര്‍ഡുകള്‍, ഹോര്‍ഡിംഗുകള്‍, ഫ്ളെക്സുകള്‍ എന്നിവ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നീക്കം ചെയ്തുതുടങ്ങി. ജില്ലാ കലക്ടര്‍ ഡോ.ഡി.സജിത്ത്ബാബു, ജില്ലാപോലീസ് മേധാവി ഡോ.എ.ശ്രീനിവാസ് എന്നിവരുടെ നേതൃത്വത്തില്‍ പഴയ പ്രസ് ക്ലബ് ജംഗ്ഷനില്‍ നിന്നാണ് അനധികൃതബോര്‍ഡുകള്‍ നീക്കം ചെയ്യല്‍ ആരംഭിച്ചത്. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ അഞ്ചുദിവസത്തിനകം ജില്ലയില്‍ എല്ലായിടത്തുനിന്നും ഇവ നീക്കം ചെയ്യുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ജില്ലയില്‍ എല്ലായിടത്തും ഒരേ സമയത്താണ് നടപടികള്‍ ആരംഭിച്ചത്. റവന്യു, പോലീസ്, പൊതുമരാമത്ത് എന്നീ വകുപ്പുകള്‍ സംയുക്തമായാണ് ഇവ നീക്കം ചെയ്യുന്നത്. അനധികൃത പരസ്യബോര്‍ഡുകള്‍ നീക്കം ചെയ്യുവാന്‍ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങിലെ സെക്രട്ടറിമാര്‍ക്ക് ജില്ലാ ഭരണംകൂടം നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു.
ജില്ലാ ആസൂത്രണ സമിതിയോഗം, ജില്ലാ വികസന സമിതി യോഗങ്ങളിലും കര്‍ശന നടപടി സ്വീകരിക്കാന്‍ കലക്ടര്‍ അറിയിച്ചിരുന്നു. ഇതനുസരിച്ച് സ്വന്തം നിലയ്ക്ക് നീക്കം ചെയ്യാന്‍ സെക്രട്ടറിമാര്‍ അറിയിപ്പു നല്‍കി. ഇനിയും നീക്കം ചെയ്യാത്തവയാണ് അഞ്ചുദിവസത്തിനകം നീക്കം ചെയ്യുന്നത്. ഇത്തരത്തില്‍ നീക്കം ചെയ്യുന്നതിന് ചെലവാകുന്ന തുക അനധികൃതമായി ബോര്‍ഡുകള്‍ സ്ഥാപിച്ച സ്ഥാപനങ്ങള്‍, വ്യക്തികള്‍ എന്നിവരില്‍ നിന്ന് ഈടാക്കും. ആരാധനാലയങ്ങള്‍ ഇത്തരത്തില്‍ സ്ഥാപിച്ചിരിക്കുന്ന ബോര്‍ഡുകള്‍ 24 മണിക്കൂറിനകം നീക്കം ചെയ്യണമെന്നും അല്ലാത്തപക്ഷം ജില്ലാ ഭരണകൂടം നീക്കം ചെയ്യുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.