
പെരിയ: കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാട്ടെയും സമീപ പ്രദേശങ്ങളിലെയും ഹോട്ടൽ മാലിന്യങ്ങൾ വാഹനങ്ങളില്‍ പെരിയ ഭാഗത്ത് എത്തിച്ച ശേഷം പാതയോരങ്ങളിൽ തള്ളുന്ന സംഘത്തെ നാട്ടുകാർ കയ്യോടെ പിടികൂടി.ഇവരെക്കൊണ്ട് തന്നെ ഈ മാലിന്യങ്ങള്‍ നാട്ടുകാര്‍ തിരിച്ചെടുപ്പിച്ചു.

ഞായറാഴ്ച പുല്ലൂരിന് സമീപം പെരിയ പഞ്ചായത്ത് ഓഫിസിന്‍റെ പിന്നിലെ ചാലിങ്കാൽ–കുന്നുമ്മങ്ങാനം റോഡരികിൽ ചാക്കുകളിലാക്കിയ മാലിന്യം വാഹനത്തിലെത്തിച്ച ശേഷം ഉപേക്ഷിക്കുന്നതിനിടെ സംഘത്തെ നാട്ടുകാർ പിടികൂടുകയായിരുന്നു. ഇവര്‍ എത്തിച്ചത് ചിത്താരിയിലെ ബംഗ്ലാവ് ഹോട്ടലിൽ നിന്നുള്ള മാലിന്യങ്ങളാണെന്ന് നാട്ടുകാര്‍ക്ക് ബോധ്യപ്പെട്ടു.
തള്ളിയവരെ കൊണ്ട് തന്നെ മാലിന്യങ്ങള്‍ തിരികെ എടുപ്പിച്ച ശേഷം പൊതുസ്ഥലത്തു മാലിന്യം തള്ളിയ ഹോട്ടലുടമ, വാഹനമുടമ, ഡ്രൈവർ എന്നിവർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് പുല്ലൂർ പെരിയ പഞ്ചായത്ത് സെക്രട്ടറി പി.ജയൻ അമ്പലത്തറ പോലീസിൽ പരാതിയും നല്‍കി.
