തിരുവനന്തപുരം: പാതയോരത്തെ മദ്യശാലകള്‍ പൂട്ടിയതിനാല്‍ വന്‍ നഷ്ടമുണ്ടാകുന്നുവെന്ന് ബിവറേജസ് കോര്‍പ്പറേഷന്‍. 20 ദിവസം കൊണ്ട് 200 കോടിയോളം രൂപയുടെ നഷ്ടമാണ് ഉണ്ടായതെന്നും കോര്‍പ്പറേഷന്‍ പറയുന്നു. ദിനംപ്രതി 8 കോടിയിലേറെ രൂപ നഷ്ടമുണ്ടെന്നാണ് വിലയിരുത്തല്‍. ഇക്കാര്യം ചൂണ്ടിക്കാണിച്ച് ബെവ്കോ എംഡി നികുതി വകുപ്പ് സെക്രട്ടറിക്ക് കത്തയച്ചു. നേരത്തെയും ബിവറേജസ് കോര്‍പ്പറേഷന്‍ കത്തയച്ചിരുന്നു. മദ്യശാലകള്‍ മാറ്റുന്നതില്‍ പഞ്ചായത്ത് തലത്തില്‍ നിലനില്‍ക്കുന്ന തടസങ്ങള്‍ അടിയന്തരമായി നീക്കണം. കൂടാതെ ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ ഉണ്ടാകണമെന്നും എംഡി കത്തില്‍ ആവശ്യപ്പെടുന്നു.

സുപ്രീംകോടതി വിധി പ്രകാരം പാതയോരത്തെ മദ്യശാലകള്‍ പൂട്ടേണ്ടി വന്നത് ബിവറേജസ് കോര്‍പ്പറേഷനുണ്ടാക്കിയത് വന്‍ പ്രതിസന്ധിയാണ്. പാതയോരത്തുള്ള 179 മദ്യശാലകളില്‍ ആകെ മാറ്റി സ്ഥാപിച്ചത് 29 എണ്ണം മാത്രമാണ്. മാറ്റി സ്ഥാപിക്കാന്‍ ശ്രമിച്ച 40 മദ്യശാലകള്‍ ജനകീയ പ്രതിഷേധം കാരണം വീണ്ടും പൂട്ടേണ്ടിവന്നു. സംസ്ഥാനത്ത് വില്‍പനശാലകള്‍ പൂട്ടിയതുകൊണ്ട് മദ്യ ഉപഭോഗം കുറയുന്നില്ലെന്നും, ഇവിടെ ലഭിച്ചുകൊണ്ടിരുന്ന വരുമാനം അതിര്‍ത്തി കടന്ന് ഇതരസംസ്ഥാനങ്ങളിലേക്ക് പോവുകയാണെന്നുമാണ് കോര്‍പ്പറേഷന്‍ സര്‍ക്കാരിന് നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ട്.