
കാസര്‍കോട്: പാണത്തൂര്‍ ബാപ്പുങ്കയത്ത് കാണാതായ നാലുവയസുകാരിയെക്കുറിച്ച് വ്യാജ വാര്‍ത്തകള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നവര്‍ക്കും ഷേയര്‍ ചെയ്യുന്നവര്‍ക്കുമെതിരേ സൈബര്‍ ആക്ട് പ്രകാരം കര്‍ശന നടപടി സ്വീകരിക്കുമെന്ന് കാസര്‍കോട് ജില്ലാ കെ ജീവന്‍ ബാബു അറിയിച്ചു. ചിലര്‍ കുട്ടിയെ കണ്ടെത്തി എന്ന രീതിയില്‍ സാമൂഹമാധ്യമങ്ങളിലൂടെ വൈറലായി പ്രചരിപ്പിക്കുന്നുണ്ട്. അതേസമയം കുട്ടിയെ കാണാതായ സമയം മുതല്‍ ഫയര്‍ഫോഴ്‌സും പോലിസും നാട്ടുകാരും കാണാതായ ഓടക്കു സമീപവും പുഴയിലും നടത്തുന്ന രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്.

വ്യാജ പ്രചരണങ്ങള്‍ പോലിസിനേയും ഫയര്‍ഫേഴ്‌സിനെയും കുഴക്കുകയാണ്. ഈ സാഹചര്യത്തിലാണ് കലക്ടര്‍ നടപടി അറിയിച്ചത്. രാജപുരത്തെ ഇബ്രാഹിമിന്റെ മകള്‍ സന ഫാത്വിമയെ (നാല് )യാണ് വ്യാഴാഴ്ച വൈകുന്നേരം നാലു മണിയോടെ കാണാതായത്. വീടിനു സമീപത്തെ ഓടയ്ക്കു സമീപം കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു. ഓടയില്‍ നല്ല ഒഴുക്കുണ്ടായിരുന്നതിനാല്‍ കുട്ടി അപകടത്തില്‍പെട്ടുവെന്ന സംശയമാണ് നിലനില്‍ക്കുന്നത്.
