കൊച്ചി: കൊച്ചിയില്‍ യുവനടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. കസ്റ്റഡി കാലാവധി കഴിഞ്ഞെന്നും തനിക്ക് ജാമ്യം നല്‍കണമെന്നുമാണ് സുനിയുടെ ആവശ്യം. ആലുവ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് പള്‍സര്‍ സുനി ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്. കേസിലെ പ്രതികളിലൊരാളായ ചാള്‍സിന് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. ഈ മാസം പത്തിനാണ് സുനിയുടെ കസ്റ്റഡി കാലാവധി അവസാനിച്ചത്.

സുനിയെ വിശദമായി ചോദ്യം ചെയ്തിരുന്നെങ്കിലും സംഭവത്തില്‍ ഗൂഢാലോചന ഉണ്ടോയെന്നത് സംബന്ധിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ല. മാത്രവുമല്ല സുനി ഉപേക്ഷിച്ചെന്ന് പറയുന്ന മൊബൈല്‍ ഫോണ്‍ കണ്ടെത്താനും കഴിഞ്ഞിട്ടില്ല. നടിയുടെ ചിത്രങ്ങള്‍ ഈ ഫോണില്‍ ഉണ്ടെന്നായിരുന്നു ആദ്യം ലഭിച്ചിരുന്ന സൂചന. എന്നാല്‍ സുനിയുടെ അഭിഭാഷകന്‍ കോടതിയില്‍ സമര്‍പ്പിച്ച മെമ്മറി കാര്‍ഡില്‍ ഇതിന്റെ ദൃശ്യങ്ങള്‍ ഉണ്ടെന്നാണ് ഒടുവില്‍ പുറത്തുവന്ന വിവരം. ഈ മെമ്മറി കാര്‍ഡ് ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഇതിന്റ ഫലത്തിന് ശേഷമെ കേസിന് വ്യക്തമായ നിലപാട് സ്വീകരിക്കാന്‍ സാധിക്കുകയുള്ളൂവെന്ന് പോലീസ്.