പള്ളിക്കര റെയില്‍വേ മേല്‍പാലം: പി കരുണാകരന്‍ എംപിയുടെ അനിശ്ചിതകാല രാപ്പകല്‍ സത്യഗ്രഹം തുടങ്ങി

  • Post category:local news
  • Reading time:1 min read
You are currently viewing പള്ളിക്കര റെയില്‍വേ മേല്‍പാലം: പി കരുണാകരന്‍ എംപിയുടെ അനിശ്ചിതകാല രാപ്പകല്‍ സത്യഗ്രഹം തുടങ്ങി

നീലേശ്വരം: ചെറുവത്തൂരിനും നീലേശ്വരത്തിനുമിടയിലുള്ള പള്ളിക്കര റെയില്‍വേ മേല്‍പാലം നിര്‍മാണം ഉടന്‍ തുടങ്ങണമെന്ന് ആവശ്യപ്പെട്ട് പി കരുണാകരന്‍ എംപിയുടെ അനിശ്ചിതകാല രാപ്പകല്‍ സത്യഗ്രഹം ആരംഭിച്ചു. പി.കെ ശ്രീമതി എംപി ഉദ്ഘാടനം ചെയ്തു. കെ. കുഞ്ഞിരാമന്‍ എം.എല്‍.എ, സി.പി.എം ജില്ലാ സെക്രട്ടറി കെ.പി സതീഷ് ചന്ദ്രന്‍, മുന്‍ എം.എല്‍.എ മാരായ പി രാഘവന്‍, കെ കുഞ്ഞിരാമന്‍, പ്രൊഫ.കെ.പി ജയരാജന്‍, വി.വി രമേശന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. അനുഭാവം പ്രകടിപ്പിച്ച് ജനപ്രതിനിധികളും സത്യഗ്രഹം നടത്താന്‍ സമരപന്തലിലുണ്ട്. ദേശീയപാത 66 ലെ പള്ളിക്കര റെയില്‍വേ ലെവല്‍ക്രോസ് മാറ്റി മേല്‍പാലം നിര്‍മിക്കണമെന്നത് വര്‍ഷങ്ങളായുള്ള ആവശ്യമാണ്. ദിവസവും ആയിരക്കണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന പള്ളിക്കര ഗേറ്റ് മുംബൈ- കൊച്ചി റൂട്ടിലെ ദേശീയപാതയിലുള്ള ഏക ലെവല്‍ ക്രോസാണ്. നാലുവരിപാതയുടെ സര്‍വേ വന്നതോടെ ദേശീയപാതയുടെ അനുബന്ധങ്ങളായ പാലങ്ങളും മേല്‍പാലങ്ങളും ബിഒടി അടിസ്ഥാനത്തിലുള്ള ഏജന്‍സികള്‍ വഴി വേണമെന്ന നിര്‍ദേശവും ദേശീയ പാത അതോറിറ്റി മുന്നോട്ടുവച്ചു.ഇതോടെ പള്ളിക്കര മേല്‍പലത്തിന്റെ പ്രവൃത്തി പ്രതിസന്ധയിലായി. നിരന്തര സമ്മര്‍ദ്ദത്തിന്റെ ഫലമായി സേതുഭാരതം പദ്ധതിയില്‍ പള്ളിക്കര മേല്‍പാലം ഉള്‍പ്പെടുത്താനും സംസ്ഥാന വിഹിതമില്ലാതെ 40 കോടി രൂപ നീക്കിവയ്ക്കാനും കേന്ദ്രം തയ്യാറായി. രണ്ട് വരി മേല്‍പാലമാണ് ഈ പദ്ധതിയുടെ ഭാഗമായി ശുപാര്‍ശ ചെയ്തത്. 2016ല്‍ ഇതിനുള്ള ഡിപിആര്‍ അംഗീകരിച്ച് സ്ഥലമേറ്റെടുപ്പ് പൂര്‍ത്തിയാക്കി. ടെന്‍ഡര്‍ നടപടിയും സ്വീകരിച്ചു. ഈ ഘട്ടത്തിലാണ് ദേശീയപാത അതോറിറ്റിയും പിഡബ്‌ള്യൂഡിയും സ്ഥലം സന്ദര്‍ശിച്ച് നാലുവരി പാതയുടെ ഭാഗമായുള്ള പാലമാണ് പള്ളിക്കരയില്‍ വേണ്ടതെന്ന നിര്‍ദേശം മുന്നോട്ട് വച്ചത്. ഇതിനുള്ള സ്ഥലമെടുപ്പ് വളരെ വേഗം പൂര്‍ത്തിയാക്കി മേല്‍പ്പാലം ഉടന്‍ പണിയുമെന്ന് ഉറപ്പും നല്‍കി. എന്നാല്‍ സാങ്കേതിക പ്രശ്‌നങ്ങളുടെ കുരുക്കില്‍പ്പെട്ട് മേല്‍പാലത്തിന്റെ പണി നീളുകയാണെന്ന് എം.പി പറയുന്നു.

0Shares